< Back
Gulf
ഫലസ്തീനെതിരായ ഇസ്രായേല്‍ കടുത്ത നടപടികള്‍ക്കെതിരെ അറബ് ലോകത്ത് പ്രതിഷേധംഫലസ്തീനെതിരായ ഇസ്രായേല്‍ കടുത്ത നടപടികള്‍ക്കെതിരെ അറബ് ലോകത്ത് പ്രതിഷേധം
Gulf

ഫലസ്തീനെതിരായ ഇസ്രായേല്‍ കടുത്ത നടപടികള്‍ക്കെതിരെ അറബ് ലോകത്ത് പ്രതിഷേധം

admin
|
25 April 2018 6:46 PM IST

റമദാന്‍ പ്രമാണിച്ച് 83,000 ഫലസ്തീന്‍ പൗരന്മാര്‍ക്ക് മസ്ജിദുല്‍ അഖ്സ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചിരുന്ന യാത്രാനുമതി റദ്ദാക്കുകയും പ്രതികാര നടപടികള്‍ ശക്തമാക്കുകയും ചെയ്ത ഇസ്രായേല്‍ നീക്കമാണ് ഗള്‍ഫ് ഉള്‍പ്പെടെ അറബ് ലോകത്തിന്റെ വിമര്‍ശത്തിന് ഇടയാക്കിയത്.

ഫലസ്തീന്‍ ജനതക്കെതിരെ തുടരുന്ന ഇസ്രായേലിന്റെ കടുത്ത നടപടികള്‍ക്കെതിരെ അറബ് ലോകത്ത് പ്രതിഷേധം ശക്തം. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും ലംഘിക്കുമാറുള്ള നടപടികളില്‍ നിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കണമെന്ന് അറബ് രാജ്യങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

റമദാന്‍ പ്രമാണിച്ച് 83,000 ഫലസ്തീന്‍ പൗരന്മാര്‍ക്ക് മസ്ജിദുല്‍ അഖ്സ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചിരുന്ന യാത്രാനുമതി റദ്ദാക്കുകയും പ്രതികാര നടപടികള്‍ ശക്തമാക്കുകയും ചെയ്ത ഇസ്രായേല്‍ നീക്കമാണ് ഗള്‍ഫ് ഉള്‍പ്പെടെ അറബ് ലോകത്തിന്റെ വിമര്‍ശത്തിന് ഇടയാക്കിയത്. ഫലസ്തീന്‍ പോരാളികള്‍ നടത്തിയ ആക്രമണത്തില്‍ നാല് ഇസ്രായേലികള്‍ കൊല്ലപ്പെട്ടതോടെ ഫലസ്തീന്‍ ജനതക്കെതിരെ ക്രൂരമായ നടപടികളുമായി മുന്നോട്ടു പോകാനാണ് ഇസ്രായേല്‍ ഭരണകൂടത്തിന്റെ നീക്കം.

ഫലസ്തീന്‍വിരുദ്ധ നടപടികളെ പൂര്‍ണമായും ന്യായീകരിക്കുകയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. എന്നാല്‍ യാത്രാ പെര്‍മിറ്റുകള്‍ റദ്ദാക്കിയ നടപടി അംഗീകരിക്കാനാവില്ലെന്ന് അറബ് ലീഗ് നേതൃത്വം വ്യക്തമാക്കി. മഹ്മൂദ് അബ്ബാസുമായും മറ്റും ചര്‍ച്ച ചെയ്ത് വിഷയം അന്താരാഷ്ട്ര സമൂഹത്തിനു മുമ്പാകെ കൊണ്ടുവരാനുള്ള നീക്കത്തിലാണ് അറബ് ലീഗ് നേതൃത്വം. രണ്ടുപേരുടെ പ്രവൃത്തിയുടെ പേരില്‍ ജനങ്ങളെ ശിക്ഷിക്കുന്ന ഇസ്രായേല്‍ നടപടി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് പാതയൊരുക്കുമെന്നും അറബ് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

റമദാനില്‍ മസ്ജിദുല്‍ അഖ്സയില്‍ പ്രാര്‍ഥന നിര്‍വഹിക്കാനും ഇസ്രായേലിലെ ബന്ധുക്കളെ സന്ദര്‍ശിക്കാനും നല്‍കിയ താല്‍ക്കാലിക പെര്‍മിറ്റുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇസ്രായേല്‍- ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമായ 2015 ഒക്ടോബര്‍ മുതല്‍ ഇതുവരെ 207 ഫലസ്തീന്‍ പൗരന്മാരും 32 ഇസ്രായേല്‍ പൗരന്മാരും കൊല്ലപ്പെടുകയുണ്ടായി. പുതിയ സംഭവ വികാസങ്ങള്‍ ഫലസ്തീന്‍ പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ കൂടുതല്‍ പ്രക്ഷുബ്ധമാക്കുമെന്ന ആശങ്കയും വ്യാപകമാണ്.

Similar Posts