സുമനസുകള്‍ കൈകോര്‍ത്തു; ഒമാനില്‍ കുടുങ്ങിയ ഉണ്ണി നാരായണന്‍ നാട്ടിലേക്ക്
|താമസിച്ചിരുന്ന ഫ്ളാറ്റിന്റെ ഉടമയായ സ്വദേശി നല്‍കിയ കേസിനെ തുടര്‍ന്ന് ഒമാനില്‍ കുടുങ്ങിയ ഇദ്ദേഹത്തിന് ഒമാനിലെ വര്‍ക്കല നിവാസികളുടെ കൂട്ടായ്മയാണ് സഹായഹസ്തം നീട്ടിയത്
സുമനസുകള്‍ കൈകോര്‍ത്തപ്പോള്‍ തിരുവനന്തപുരം വര്‍ക്കല സ്വദേശി ഉണ്ണി നാരായണന് വർഷങ്ങൾക്കു ശേഷം നാട്ടിലേക്ക് പോകാന്‍ വഴിയൊരുങ്ങി. താമസിച്ചിരുന്ന ഫ്ളാറ്റിന്റെ ഉടമയായ സ്വദേശി നല്‍കിയ കേസിനെ തുടര്‍ന്ന് ഒമാനില്‍ കുടുങ്ങിയ ഇദ്ദേഹത്തിന് ഒമാനിലെ വര്‍ക്കല നിവാസികളുടെ കൂട്ടായ്മയാണ് സഹായഹസ്തം നീട്ടിയത്. കെട്ടിടം ഉടമക്ക് നല്‍കാനുള്ള തുക സ്വരൂപിച്ച് നല്‍കുന്നതിന് പുറമെ വിസാ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നുള്ള പിഴയടക്കം നടപടികള്‍ ഒഴിവാക്കി കിട്ടുന്നതിനുള്ള വിവിധ നടപടികള്‍ക്കും കൂട്ടായ്മയിലെ അംഗങ്ങള്‍ മുന്നിട്ടിറങ്ങി.
30 വര്‍ഷത്തിലധികമായി മസ്കത്തിലുള്ള ഉണ്ണി നാരായണന്‍ കെട്ടിട നിര്‍മാണ ജോലി കരാറെടുത്ത് നടത്തി വരവെയാണ് കേസില്‍ പെട്ടത്. വാടക കരാര്‍ ഒന്നുമില്ലാതെ സുഹൃത്തായിരുന്ന സ്വദേശിയുമായി വാക്കാലുള്ള ധാരണയുടെ മാത്രം ബലത്തിലാണ് ഏറെനാള്‍ മസ്കത്തില്‍ താമസിച്ചിരുന്നത്. ഇതാണ് ഇദ്ദേഹത്തിന് വിനയായത്. നാട്ടിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് തന്റെ പേരില്‍ കേസ് ഉള്ള വിവരം അറിയുന്നത്. മറ്റ് ആവശ്യങ്ങള്‍ക്കായി ഒപ്പിട്ട് നല്‍കിയ രേഖകള്‍ ഉപയോഗിച്ച് വ്യാജ എഗ്രിമെന്‍റ് ചമച്ചാണ് സ്വദേശി കേസ് നല്‍കിയതെന്നും ഇദ്ദേഹം പറയുന്നു.
വാടക കുടിശികയായി 2800 റിയാല്‍ നല്‍കാനുണ്ടെന്ന് കാട്ടിയുള്ള കേസില്‍ പൊലീസിന് കൈമാറിയ ഇദ്ദേഹം രണ്ട് തവണയായി അഞ്ച് മാസത്തോളം ജയിലിലായിരുന്നു. നല്‍കാനുള്ള പണം ഗഡുക്കളായി നല്‍കാമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ജാമ്യത്തില്‍ വിട്ടത്. പല തവണയായി കരാര്‍ ജോലി ചെയ്ത് കിട്ടിയ 1300 റിയാല്‍ അടച്ചെങ്കിലും വൈകാതെ രോഗിയായി. രക്തസമ്മര്‍ദവും പ്രമേഹവുമടക്കം ഒരുപിടി രോഗങ്ങള്‍ അലട്ടുന്ന അവസ്ഥയിലാണ് ഇപ്പോള്‍. ഇന്ന് രാത്രി മസ്കറ്റിൽ നിന്നും നാട്ടിലേക്കു ഉണ്ണി നാരായണന്‍ മടങ്ങും.