കുവൈത്തിൽ സ്വകാര്യ മേഖലയിലേക്കു വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിനു പുതിയ നിബന്ധനകൾ
|ഉദ്യോഗാർത്ഥികൾക്ക് എക്സ് പീരിയൻസ് സർട്ടിഫിക്കറ്റും പ്രായപരിധിയും നിര്‍ബന്ധമാക്കാനാണ് പദ്ധതി
കുവൈത്തിൽ സ്വകാര്യ മേഖലയിലേക്കു വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിനു പുതിയ നിബന്ധനകൾ ഏർപ്പെടുത്തുന്നു . ഉദ്യോഗാർത്ഥികൾക്ക് എക്സ് പീരിയൻസ് സർട്ടിഫിക്കറ്റും പ്രായപരിധിയും നിര്‍ബന്ധമാക്കാനാണ് പദ്ധതി . ജനസംഖ്യാക്രമീകരണത്തിന്റെ ഭാഗമായി മാനവശേഷി വകുപ്പാണ് അടുത്ത വര്‍ഷം മുതൽ പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കാൻ ഒരുങ്ങുന്നത് .
മാൻ പവർ പബ്ലിക് അതോറിറ്റിയിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്തു നടപ്പിലാക്കികൊണ്ടിരിക്കുന്ന ജനസംഖ്യാക്രമീകരണ നടപടികളുടെ ചുവടു പിടിച്ചു വിദേശത്തു നിന്നുള്ള റിക്രൂട്ട്മെന്റിനു പുതിയ നിബന്ധനകൾ ഏർപ്പെടുത്താനായുള്ള നിർദേശത്തിനു മാൻപവർ അതോറിറ്റിയിലെ ബോർഡ് ഓഫ് കൗൺസിൽ അടുത്തിടെ അംഗീകാരം നൽകിയിരുന്നു. പുതുതായി എത്തുന്ന ഉദ്യോഗാർത്ഥികൾക്ക് ജോലിപരിചയവും മതിയായ വിദ്യാഭ്യാസ യോഗ്യതയും ഉണ്ടായിരിക്കണം എന്നതാണ് അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ കൊണ്ട് വരാൻ ഉദ്യേശിക്കുന്ന നിബന്ധനകളിൽ പ്രധാനപ്പെട്ടത്.തൊഴിൽ പെർമിറ്റിന് അപേക്ഷിക്കുമ്പോൾ തന്നെ ജോലി ചെയ്യാനുദ്ദേശിക്കുന്ന മേഖലയിലെ തൊഴിൽ പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേണ്ടിവരും . ഉദ്യോഗാർത്ഥി ഡിപ്ലോമ ഹോൾഡറാണെങ്കിൽ മുപ്പത് വയസ്സ് പൂർത്തിയായിരിക്കണമെന്നാണ് മറ്റൊരു നിബന്ധന . ഏതെങ്കിലും തൊഴിൽ മേഖലയിൽ അക്കാദമിക യോഗ്യത ഉണ്ടായിരിക്കുകയും എന്നാൽ മതിയായ അനുഭവ സമ്പത്തു ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് ഡിപ്ലോമക്കാർക്ക് പ്രായപരിധി ഏർപ്പെടുത്തുന്നത്. ഇതോടൊപ്പം ബിരുദ ധാരികളായ സ്വദേശി യുവാക്കൾക്ക് സ്വകാര്യമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതും അധികൃതർ ലക്ഷ്യമിടുന്നുണ്ട് . വിദേശികളുമായി ബന്ധപ്പെട്ട നിലവിൽ അതോറിറ്റി സൗജന്യമായി നൽകിവരുന്ന സേവനങ്ങൾക്ക് ഫീസ് ഏർപ്പെടുത്തുക. നിലവിലെ ഫീസ് ഘടനയിൽ വർദ്ധന നടപ്പാക്കുക തുടങ്ങിയ നിർദേശങ്ങൾക്കും മാൻ പവർ അതോറിറ്റിയിലെ ബോർഡ് ഓഫ് കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട് .