ഉപരോധം പിന്‍വലിക്കണമെന്ന് അമേരിക്ക; പ്രതിസന്ധി പരിഹാര ചര്‍ച്ചകള്‍ സജീവംഉപരോധം പിന്‍വലിക്കണമെന്ന് അമേരിക്ക; പ്രതിസന്ധി പരിഹാര ചര്‍ച്ചകള്‍ സജീവം
|അംഗരാജ്യങ്ങള്‍ക്കിടയില്‍ തന്നെ പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്ന നിർബന്ധത്തില്‍ കുവൈത്തും ഒമാനും
ഖത്തറിനു മേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കാൻ അമേരിക്ക ആവശ്യപ്പെട്ടതോടെ പ്രതിസന്ധി പരിഹാര ചർച്ചകൾ വീണ്ടും സജീവമായി. കുവൈത്തും ഒമാനും ചേർന്നുള്ള സമവായ നീക്കങ്ങളോട് ഇരുപക്ഷവും സഹകരിക്കുമെന്നാണ് സൂചന.
ആറു ദിവസമായി തുടരുന്ന ഗൾഫ് പ്രതിസന്ധി അവസാനിച്ചേക്കുമെന്ന പ്രതീക്ഷ നൽകിയാണ് ഉപരോധം പിൻവലിക്കാനുള്ള യു.എസ്നിർദേശം വന്നിരിക്കുന്നത്. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്‍സൺ ആണ് ഖത്തറിനു മേലുള്ള ഉപരോധം പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഉപരോധം മാനുഷിക പ്രയാസങ്ങൾക്ക് വഴിയൊരുക്കുമെന്നും മേഖലയിൽ തുടരുന്ന തീവ്രവാദ വിരുദ്ധ പോരാട്ടത്തെ അത് ദുർബലപ്പെടുത്തുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. അതേസമയം തീവ്രവാദ ഗ്രൂപ്പുകൾക്ക് ഫണ്ട് ലഭിക്കുന്ന സാഹചര്യം ഇല്ലാതാക്കുന്ന പ്രക്രിയയിൽ ഖത്തർ കൂടുതൽ പ്രവർത്തനം നടത്തണമെന്നും റെക്സ് ടില്ലേഴ്‍സൺ ആവശ്യപ്പെട്ടു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റുമാനിയയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ തീവ്രവാദത്തെ തള്ളിപ്പറയാൻ ഖത്തർ തയാറാകണമെന്നും ആവശ്യപ്പെട്ടു.

സമവായ ചർച്ചകളിലൂടെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന ആവശ്യവുമായി ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങളും രംഗത്തു വന്നു. വൈറ്റ്ഹൗസിൽ യോഗം വിളിച്ചു ചേർത്ത് ഭിന്നത പരിഹരിക്കാൻ നേരത്തെ ട്രംപ്സന്നദ്ധത അറിയിച്ചിരുന്നു.
എന്നാൽ അംഗരാജ്യങ്ങൾക്കിടയിൽ തന്നെ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന നിർബന്ധത്തിലാണ് കുവൈത്തും ഒമാനും. ഇവർ നടത്തുന്ന സമവായ നീക്കത്തോട് പൂർണാർഥത്തിൽ സഹകരിക്കാമെന്ന് ഇരുവിഭാഗവും അറിയിച്ചിട്ടുണ്ട്. എന്നാൽ ചില വിട്ടുവീഴ്ചകൾക്ക് ഖത്തറും സൗദിപക്ഷവും തയ്യാറാകേണ്ടി വരും. അതുണ്ടാകുമോ എന്നാണ്എല്ലാവരും ഉറ്റുനോക്കുന്നത്.
ചർച്ചകളുടെ ഭാഗമായി സൗദി വിദേശകാര്യ മന്ത്രി ആദിൽ അൽ ജുബൈർ മസ്കത്തിലെത്തി. വ്യാഴാഴ്ച രാത്രിയോടെ മസ്കത്തിലെത്തിയ ആദിൽ അൽ ജുബൈറിനെ ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ്ബിൻ അലവി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. തുടർന്ന് ഇരുവരും ചർച്ച നടത്തിയതായും ഒമാൻ വിദേശകാര്യമന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. എന്നാൽ ചർച്ചയുടെ വിശദവിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. വിഷയത്തിൽ ഒരുപക്ഷത്തും ചേരാത്ത ഒമാനിന്റെയും കുവൈത്തിന്റെയും നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങളെ ലോകം ഉറ്റുനോക്കുകയാണ്.
കുവൈത്ത്അമീർ അമീർ ശൈഖ്സബാഹ് അഹ്മദ് അസ്സബാഹാണ് അനുരഞ്ജന ശ്രമങ്ങൾക്ക് തുടക്കമിട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച സൗദിയിലെത്തി സൽമാൻ രാജാവിനെ സന്ദർശിച്ച കുവൈത്ത് അമീർ ബുധനാഴ്ച യു.എ.ഇയിലും രാത്രി വൈകി ഖത്തറിലുമെത്തിയിരുന്നു. സൗദി രാജാവുമായുള്ള ചർച്ച പൂർത്തിയാക്കിയ ശേഷം കുവൈത്തിലെത്തിയ അമീറിനെ ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ്ബിൻ അലവി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഗൾഫ്മേഖലയുടെ ഭദ്രതക്കും സമാധാനത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള കുവൈത്ത്നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും യൂസുഫ്ബിൻ അലവി പിന്തുണയും അറിയിച്ചിരുന്നു.