< Back
Gulf
ശമ്പളം വൈകുന്നു; കുവൈത്ത്  വിമാനത്താവളത്തിലെ ക്ലീനിംഗ് തൊഴിലാളികള്‍ പണിമുടക്കിശമ്പളം വൈകുന്നു; കുവൈത്ത് വിമാനത്താവളത്തിലെ ക്ലീനിംഗ് തൊഴിലാളികള്‍ പണിമുടക്കി
Gulf

ശമ്പളം വൈകുന്നു; കുവൈത്ത് വിമാനത്താവളത്തിലെ ക്ലീനിംഗ് തൊഴിലാളികള്‍ പണിമുടക്കി

admin
|
6 May 2018 10:33 PM IST

നിരവധി തവണ ആവശ്യപ്പെട്ടിട്ടും ശമ്പളം കുടിശ്ശികയായി തുടരുകയാണ്

മാസങ്ങളായി ജോലി ചെയ്യുന്ന കമ്പനിയില്‍നിന്ന് ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ക്ലീനിംഗ് തൊഴിലാളികള്‍ ഇന്നലെ പണിമുടക്കി. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ശമ്പളം കുടിശ്ശികയായി തുടരുന്ന സാഹചര്യത്തില്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തിനാല്‍ ജോലിക്ക് പോകാതെ പണിമുടക്ക് സമരം നടത്താന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

മധ്യവേനല്‍ അവധിയോടനുബന്ധിച്ച് തിരക്ക് കൂടിയ സമയത്ത് ക്ലീനിംഗ് തൊഴിലാളികള്‍ നടത്തിയ സമരം യാത്രക്കാര്‍ക്കും മറ്റും പ്രയാസമുണ്ടാക്കിയിരുന്നു. അതിനിടെ, വിമാനത്താവളത്തിലെ ക്ലീനിംഗ് തൊഴിലാളികള്‍ ഇന്നലെ നടത്തിയ പണിമുടക്ക് ന്യായമായിരുന്നുവെന്നും കമ്പനി ശമ്പളം കൊടുക്കാതിരുന്നതാണ് തൊഴിലാളികളെ സമരത്തിലേക്ക് നയിച്ചതെന്നും മാന്‍ പവര്‍ അതോറിറ്റി അസിസ്റ്റന്‍റ് ഡയറക്ടര്‍ അഹ്മദ് അല്‍ മൂസ പറഞ്ഞു.

തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട മുഴുവന്‍ ശമ്പളവും കുടിശ്ശികയടക്കം കൊടുക്കാന്‍ തയാറായിട്ടില്ലെങ്കില്‍ ക്ലീനിംഗ് കമ്പനിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിമാനത്താവളത്തിലെ ക്ലീനിംഗ് തൊഴിലാളികളുടെ സമരത്തിന് ഇടയാക്കിയ സാഹചര്യം വിശദീകരിച്ച് നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ശമ്പളമുള്‍പ്പെടെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന കമ്പനികള്‍ക്കെതിരെ ഫയലുകള്‍ ക്ലോസ് ചെയ്യുന്നതുള്‍പ്പെടെ ശക്തമായ നടപടി കൈക്കൊള്ളും. കുവൈത്തിലെ മാനുഷിക സേവന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായും അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിനെ മനുഷ്യ സേവനത്തിന്റെ അന്താരാഷ്ട്ര വ്യക്തിത്വമായും തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ രാജ്യത്തിന്റെ സല്‍പേരിന് കളങ്കമുണ്ടാക്കുന്ന ഇത്തരം കമ്പനികളെ വെച്ച് പൊറുപ്പിക്കില്ല. എണ്ണ മേഖലയിലും ജമാല്‍ അബ്ദുന്നാസര്‍ റോഡ് പദ്ധതിയിലും അടുത്തിടെ തൊഴിലാളികള്‍ നടത്തിയ സമരത്തോട് ന്യായമായ സമീപനമാണ് അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് അഹ്മദ് അല്‍ മൂസ കൂട്ടിച്ചേര്‍ത്തു.

Similar Posts