< Back
Gulf
മധ്യസ്ഥ ചര്‍ച്ചകളുമായി കുവൈറ്റ് അമീര്‍ ഖത്തറിലെത്തിമധ്യസ്ഥ ചര്‍ച്ചകളുമായി കുവൈറ്റ് അമീര്‍ ഖത്തറിലെത്തി
Gulf

മധ്യസ്ഥ ചര്‍ച്ചകളുമായി കുവൈറ്റ് അമീര്‍ ഖത്തറിലെത്തി

Khasida
|
7 May 2018 10:54 PM IST

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും മധ്യസ്ഥതക്ക് തയ്യാറെടുക്കുന്നു; ട്രംപ് ഖത്തര്‍ അമീറുമായി ടെലഫോണില്‍ സംസാരിച്ചു

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കുവൈറ്റ് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്സ്വബാഹ് ദോഹയിലെത്തി ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി. സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് കുവൈറ്റ് അമീര്‍ ഖത്തറിലെത്തിയത്. അതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി ടെലിഫോണില്‍ സംസാരിച്ചു. പ്രശ്‌നപരിഹാരത്തിനായി ഇടപെടാനുള്ള സന്നദ്ധത ട്രംപ് അറിയിച്ചു.

ഗള്‍ഫ് മേഖലയില്‍ അസ്വസ്ഥത പടര്‍ത്തിയ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മധ്യസ്ഥ ശ്രമവുമായാണ് കുവൈറ്റ് അമീര്‍ ശൈഖ് സ്വബഹ് അല്‍ അഹ്മദ് അസ്സ്വബാഹ് ദോഹയിലെത്തിയത്. സൗദി അറേബ്യയിലും, യുഎഇയിലും നടത്തിയ സന്ദര്‍ശനങ്ങളുടെ തുടര്‍ച്ചയായി രാത്രി ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അദ്ദേഹം രണ്ടര മണിക്കൂര്‍ സമയം ഖത്തറില്‍ കഴിച്ചു കൂട്ടി.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായുള്ള കൂടിക്കാഴ്ചയില്‍ സമവായ സാധ്യതകള്‍ ഖത്തര്‍ തള്ളിക്കളയില്ലെന്ന ഉറപ്പാണ് നല്‍കിയത്. അതേസമയം സൗദി അറേബ്യയും യു എ ഇ യും മുന്നോട്ടുവെച്ച ഉപാധികള്‍ ഖത്തറിന് സ്വീകാര്യമാവുമെന്ന് തോന്നുന്നില്ല. അന്യായമായ ഉപാധികള്‍ അംഗീകരിക്കില്ലെന്ന നിലപാടില്‍ രാജ്യം ഉറച്ചു നില്‍ക്കുകയാണ്.

87 കാരനായ ശൈഖ് സ്വബാഹ്, പ്രശ്‌നപരിഹാരത്തിനായി നടത്തുന്ന ആത്മാര്‍ത്ഥ ശ്രമങ്ങളെ ഖത്തര്‍ അമീര്‍ അഭിനന്ദിച്ചു. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ലാ ബിന്‍ ഹമദ് അല്‍താനിയും ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ഥാനിയും മന്ത്രിസഭയിലെ പ്രമുഖ അംഗങ്ങളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

കുവൈറ്റ് അമീറിന്റെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഖത്തര്‍ അമീറുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. പ്രശ്‌നപരിഹാര ശ്രമങ്ങള്‍ക്കുള്ള അമേരിക്കയുടെ സന്നദ്ധത ട്രംപ് ഖത്തറിനെ അറിയിച്ചു. ശേഷം വൈറ്റ് ഹൗസിലെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സാറാ സാന്റേഴ്‌സും പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ക്കുള്ള അമേരിക്കന്‍ താത്പര്യം വ്യക്തമാക്കി.

അതിനിടെ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയും ജിദ്ദയിലെത്തി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഖത്തര്‍ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ തിരുത്തണമെന്നായിരുന്നു ബഹ്റൈന്‍ രാജാവിന്റെ പ്രതികരണം. ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ച സാഹചര്യത്തിൽ ബഹ്റൈനിൽ നിന്ന് ഖത്തർ ഭാഗത്തേക്ക് മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾ കനത്ത ജാഗ്രത പാലിക്കണമെന്ന് ബഹ്റൈന്‍ അറിയിച്ചു. അതിർത്തി ലംഘിക്കുന്ന പക്ഷം പിടിയിലാകാനോ, വെടിയുതിർക്കാനോ ഉള്ള സാധ്യത നിലനിൽക്കുന്നതിനാലാണിത്. ഖത്തറുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ച ശേഷം സതേൺ മുനിസിപ്പൽ കൗൺസിൽ അടിയന്തര യോഗം ചേർന്നിരുന്നു. കൗൺസിലാണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്.

Related Tags :
Similar Posts