< Back
Gulf
ജി സി സി റെയില്‍ ശൃംഖലയുടെ കാര്യത്തില്‍ അനിശ്ചിതത്വം: പദ്ധതി ഖത്തര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചുജി സി സി റെയില്‍ ശൃംഖലയുടെ കാര്യത്തില്‍ അനിശ്ചിതത്വം: പദ്ധതി ഖത്തര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
Gulf

ജി സി സി റെയില്‍ ശൃംഖലയുടെ കാര്യത്തില്‍ അനിശ്ചിതത്വം: പദ്ധതി ഖത്തര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

admin
|
8 May 2018 4:34 PM IST

ജി സി സി റെയില്‍ ശൃംഖലയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ പദ്ധതിയുമായി മുമ്പോട്ടുപോകുന്നത് ഖത്തര്‍ റെയില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ജി സി സി റെയില്‍ ശൃംഖലയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ പദ്ധതിയുമായി മുമ്പോട്ടുപോകുന്നത് ഖത്തര്‍ റെയില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. യാത്ര ആവശ്യത്തിനും ചരക്കുനീക്കത്തിനുമായി ജി.സി.സി രാജ്യങ്ങളെ തമ്മില്‍ കൂട്ടിയിണക്കുന്ന ദീര്‍ഘദൂര റെയില്‍ പദ്ധതിയാണ് ജി.സി.സി റെയില്‍.

ദീര്‍ഘദൂര റെയില്‍ പദ്ധതിയായ ജി.സി.സി റെയില്‍ ശൃംഖല 2018ഓടെ പദ്ധതി പൂര്‍ത്തീകരിക്കാനായിരുന്നു നേരത്തെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, അംഗരാജ്യങ്ങളിലെ സര്‍ക്കാറുകള്‍ നിശ്ചയിച്ച തീയതിക്കകം പദ്ധതി പൂര്‍ത്തീകരിക്കുന്നതില്‍ നിന്ന് പിന്നാക്കം പോയതാണ് റെയില്‍ പദ്ധതി വൈകാന്‍ കാരണമായത്. ഈമാസം ചേരുന്ന ജി.സി.സി ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പുതിയ സമയം നിശ്ചയിക്കുമെന്ന് കരുതുന്നതായി പ്രാദേശിക പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ റെയില്‍ പദ്ധതിക്ക് സന്നദ്ധമാണെന്നും എന്നാല്‍, അംഗരാജ്യങ്ങള്‍ കരാര്‍ പ്രകാരം തീര്‍ക്കേണ്ട നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കാതെ പോയതാണ് പദ്ധതി വൈകാന്‍ കാരണമെന്നും ഖത്തര്‍ റെയില്‍ മാനേജിങ് ഡയറക്ടര്‍ അബ്ദുല്ല അല്‍ സുബൈ പോര്‍ട്ടലിനോട് പറഞ്ഞു.

ഖത്തര്‍-സൗദി അതിര്‍ത്തിയില്‍ നിന്ന് 71 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍ പാത നിര്‍മിക്കാനുള്ള പദ്ധതി ഖത്തര്‍ റെയില്‍ നേരത്തെ പുറത്തുവിട്ടിരുന്നു. വീണ്ടും 23 കിലോമീറ്റര്‍ കൂടി പണിത് എജുക്കേഷന്‍ സിറ്റിവരെ പാത നീട്ടുകയും മെട്രോ റെയില്‍ ശൃംഖലയുമായി ഇതിനെ ബന്ധിപ്പിക്കാനുമായിരുന്നു പദ്ധതിയിട്ടത്. ചരക്കുനീക്കത്തിനായുള്ള പാതയെ പുതിയ ഹമദ് തുറമുഖം വരെയും മിസഈദ് ഇന്‍ഡസ്ട്രിയല്‍ ഏരിയവരെയും ബന്ധിപ്പിക്കാനുമാണ് പരിപാടി. ദീര്‍ഘദൂര റെയില്‍ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കി പൂര്‍ണമായും സജ്ജമാകാന്‍ 2030 വരെ കാത്തിരിക്കേണ്ടി വരും. ഇതുകൂടാതെ ഖത്തറിനെയും ബഹ്റൈനെയും ബന്ധിപ്പിക്കാനുള്ള കോസ്വെ പദ്ധതിയും എങ്ങുമെത്താതെ മുടങ്ങിക്കിടക്കുകയാണ്.

Related Tags :
Similar Posts