< Back
Gulf
സൌദിയില്‍ ഇനി ഈത്തപ്പഴത്തിന്റെ വിളവെടുപ്പ് കാലംസൌദിയില്‍ ഇനി ഈത്തപ്പഴത്തിന്റെ വിളവെടുപ്പ് കാലം
Gulf

സൌദിയില്‍ ഇനി ഈത്തപ്പഴത്തിന്റെ വിളവെടുപ്പ് കാലം

Jaisy
|
8 May 2018 7:09 AM IST

അടുത്ത മാസം നടക്കുന്ന ബുറൈദ ഈത്തപ്പഴ മേളയിലാണ് പ്രധാനമായും ഇവ വില്‍ക്കുക

സൌദി അറേബ്യയില്‍ ഇനി ഈത്തപ്പഴത്തിന്റെ വിളവെടുപ്പ് നാളുകള്‍. ഏറ്റവും കൂടുതല്‍ ഈത്തപ്പഴം ഉത്പാദിപ്പിക്കുന്ന അല്‍ ഖസീം പ്രവിശ്യയില്‍ വിളവെടുപ്പിന് ഒരുങ്ങുകയാണ് കര്‍ഷകര്‍. അടുത്ത മാസം നടക്കുന്ന ബുറൈദ ഈത്തപ്പഴ മേളയിലാണ് പ്രധാനമായും ഇവ വില്‍ക്കുക.

85,000ച. കി.മീ. പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന മുക്കാല്‍ ലക്ഷത്തോളം തോട്ടങ്ങളിലായി 80 ലക്ഷം ഈന്തപ്പനകളാണ് അല്‍ഖസീമില്‍ പ്രവിശ്യയിലുള്ളത്. പച്ചപ്പരവതാനി വിരിച്ചപോലെ പരന്നുകിടക്കുന്ന ഈന്തപ്പന തോട്ടങ്ങളുടെ ഉടമകളായ സ്വദേശികളും ഇവിടങ്ങളില്‍ പണിയെടുക്കുന്ന വിദേശികളും ഒരുപോലെ ആഹ്ലാദത്തിലാണ് ഇപ്പോള്‍. 50 ഡിഗ്രിയോളമെത്തുന്ന അന്തരീക്ഷ ഊശ്മാവും അടിച്ചുവീശുന്ന തീക്കാറ്റുമാണ് തമര്‍ എന്ന അറബിപ്പേരിലറിയപ്പെടുന്ന മധുരക്കനിയെ പാകപ്പെടുത്തുന്നത്. കുലകള്‍ നിറഞ്ഞ് കവിയുന്ന ഫലം പൂര്‍ണ പാകമാകുന്നതിന് മുന്‍പ് പച്ചയില്‍നിന്ന് മഞ്ഞ, ചുവപ്പ് നിറങ്ങളിലേക്ക് മാറുന്ന സമയമാണിപ്പോള്‍. 'തല്‍ഖീഹ്' എന്നറിയപ്പെടുന്ന ഏപ്രില്‍ മാസത്തിലെ പരപരാഗണത്തോടുകൂടിയാണ് പണം കായ്ക്കുന്ന പനങ്കുലകളുടെ പരിചരണ പ്രക്രിയ തുടങ്ങുന്നത്. തുടക്കത്തില്‍ 20 കി.ഗ്രാം വരെ ആദായം ലഭിക്കുന്ന പനയുടെ 100 വര്‍ഷം വരെ നീളുന്ന ആയുസിനിടയില്‍ 300 കി.ഗ്രാം വരെ വാര്‍ഷികാദായം ലഭിക്കും.

മധ്യ പൗരസ്ത്യ ദേശത്ത് ഏറെ പ്രസിദ്ധമായ 'സുക്കരി' ബുറൈദയിലെ പ്രധാന ഇനം. ജൂലൈ അവസാനവാരം തുടങ്ങുന്ന വിളവെടുപ്പ് സെപ്റ്റംബര്‍ പകുതി വരെ നീളും. 'തമറുനാ ദഹബ്' (ഞങ്ങളുടെ ഈത്തപ്പഴം സ്വര്‍ണമാണ്) എന്ന ശീര്‍ഷകത്തില്‍ അടുത്ത മാസം ബുറൈദയില്‍ ആരംഭിക്കുന്ന ഒരു മാസം നീളുന്ന മേളയില്‍ 800 ദശലക്ഷം റിയാലിന്റെ വ്യാപാരമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

Related Tags :
Similar Posts