< Back
Gulf
Gulf

ശമ്പളം ചോദിച്ചാല്‍ മര്‍ദ്ദനം; ജിദ്ദയില്‍ മലയാളി തൊഴിലാളികള്‍ ദുരിതത്തില്‍

Sithara
|
9 May 2018 5:00 AM IST

കിട്ടാനുള്ള ശമ്പളം ലഭ്യമാക്കി നാട്ടിലയക്കാൻ സഹായിക്കണമെന്ന് തൊഴിലാളികൾ ഇന്ത്യൻ കോൺസുലേറ്റിൽ പരാതി നൽകിയിട്ടുണ്ട്.

മൂന്നര മാസമായി ശമ്പളവും മറ്റു സൗകര്യങ്ങളൊന്നുമില്ലാതെ 12 മലയാളികൾ ജിദ്ദയിൽ ദുരിതത്തിൽ. ശമ്പളം ചോദിച്ചാൽ സ്പോൺസർ മർദ്ദിക്കുന്നുവെന്നും താമസസ്ഥലത്ത് വൈദ്യുതി വിച്ഛേദിച്ചെന്നും തൊഴിലാളികൾ മീഡിയവണിനോട് വെളിപ്പെടുത്തി. കിട്ടാനുള്ള ശമ്പളം ലഭ്യമാക്കി നാട്ടിലയക്കാൻ സഹായിക്കണമെന്ന് തൊഴിലാളികൾ ഇന്ത്യൻ കോൺസുലേറ്റിൽ പരാതി നൽകിയിട്ടുണ്ട്.

ജിദ്ദ അൽ ഖുംറയിലെ ട്രാൻസ്‌പോർട് കമ്പനിയില്‍ ഹെവി ഡ്രൈവർമാരായി ജോലി ചെയ്യുന്ന 12 തൊഴിലാളികളുടെ ജീവിതമാണ് ദുരിതത്തിലായത്. കിട്ടാനുള്ള ശമ്പളം ചോദിച്ചതിന്റെ പേരിൽ കമ്പനി സ്പോണ്‍സര്‍ നിരന്തരം മർദ്ദിക്കുന്നതായി തൊഴിലാളികള്‍ പറയുന്നു. താമസസ്ഥലത്ത് വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചതിനാൽ ഓടിക്കുന്ന വാഹനത്തിൽ തന്നെ കഴിഞ്ഞുകൂടേണ്ട അവസ്ഥയിലായിരുന്നു ഇവര്‍.

സ്ഥാപനത്തിന്റെ ഉടമസ്ഥതയിൽ ഓടിക്കുന്ന വാഹനത്തിനുള്ള ഇന്ധനം സ്വയം വഹിക്കണമെന്നാണ് കമ്പനി നിയമം. കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന ഇവര്‍ക്കിത് താങ്ങുന്നില്ല. 10 മാസത്തോളമായി മൂന്നര മാസത്തെ ശമ്പളം വൈകിയാണ് ലഭിക്കുന്നത്. സ്‌പോൺസറുടെ ഉപദ്രവം കൂടി ആയപ്പോൾ സഹിക്കവയ്യാതെ കോൺസുലേറ്റിലും ലേബർ ഓഫീസിലും പരാതി നല്‍കി. 9 വര്‍ഷമായി ജോലി ചെയ്യുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍. ഭക്ഷണത്തിനും മറ്റു അടിസ്ഥാന ആവശ്യങ്ങൾക്കും മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടിലാണിവര്‍.

Related Tags :
Similar Posts