< Back
Gulf
സൌദി ആരോഗ്യ മന്ത്രാലയവും നോര്‍ക്കയും കരാര്‍ ഒപ്പുവെച്ചുസൌദി ആരോഗ്യ മന്ത്രാലയവും നോര്‍ക്കയും കരാര്‍ ഒപ്പുവെച്ചു
Gulf

സൌദി ആരോഗ്യ മന്ത്രാലയവും നോര്‍ക്കയും കരാര്‍ ഒപ്പുവെച്ചു

Jaisy
|
13 May 2018 9:06 AM IST

ഈ മേഖലയില്‍ നിലനില്‍ക്കുന്ന ചൂഷണം ഇല്ലാതാക്കാന്‍ നോര്‍ക്കയുടെ സാന്നിധ്യം സഹായകരമാവും

സൌദി ആരോഗ്യമേഖലയിലേക്ക് ഇന്ത്യയില്‍ നിന്നും ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സിയായി നോര്‍ക്ക റൂട്ട്സ് പ്രവര്‍ത്തിക്കും. ഇതു സംബന്ധിച്ച കരാറില്‍ സൌദി ആരോഗ്യ മന്ത്രാലയവും നോര്‍ക്കയും ഒപ്പുവെച്ചു. ഒരു വിദേശ രാജ്യത്തെ മന്ത്രാലയവുമായി നോര്‍ക്ക ഇതാദ്യമായാണ് റിക്രൂട്ട്മെന്റ് കരാര്‍ ഒപ്പുവെക്കുന്നത്. ഈ മേഖലയില്‍ നിലനില്‍ക്കുന്ന ചൂഷണം ഇല്ലാതാക്കാന്‍ നോര്‍ക്കയുടെ സാന്നിധ്യം സഹായകരമാവും.

സൌദി അറേബ്യയിലെ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ആശുപത്രികള്‍, മെഡിക്കല്‍ സിറ്റികള്‍, ഇതര ആരോഗ്യ സേവന സ്ഥാപനങ്ങള്‍ എന്നിവയിലെ എല്ലാ ജോലികളിലേക്കും ഇന്ത്യയില്‍ നിന്ന് ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്നതിനാണ് നോര്‍ക്കക്ക് അനുമതി ലഭിച്ചത്. ഡോക്ടര്‍, നഴ്സ് പാരാമെഡിക്കല്‍,അഡ്മിനിസ്ട്രേഷന്‍ തുടങ്ങിയ എല്ലാ പ്രൊഫഷണുകളിലേക്കും നോര്‍ക്ക അംഗീകൃത റിക്രൂട്ടിംങ് ഏജന്‍സിയാകും. ഇതും സംബന്ധിച്ച കരാറില്‍ ആരോഗ്യ മന്ത്രാലയം എച്ച് ആര്‍ വിഭാഗം ജനറല്‍ മാനേജര്‍ ആഇദ് ആല്‍ ഹാരിസി, നോര്‍ക്ക സി.ഇ.ഒ ഡോ കെ.എന്‍ രാഘവന്‍ എന്നിവര്‍ ഒപ്പുവെച്ചു.

ഓരോ മാസവും ചുരുങ്ങിയത് ഇരുനൂറ് പേരെങ്കിലും റിക്രൂട്ട് ചെയ്യാന്‍ സാധിക്കുമെന്നാണ് നോര്‍ക്കയുടെ പ്രതീക്ഷ. പുതിയ ഒഴിവുകളും തൊഴില്‍ അവസരങ്ങളും നോര്‍ക്ക റൂട്ട്സ് പ്രസിദ്ധീകരിക്കും. സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് മാത്രം ഈടാക്കി ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കൂടുതല്‍ മലയാളികള്‍ക്ക് അവസരം ഒരുക്കകയാണ് ലക്ഷ്യം.

ഒമാന്‍ കുവൈത്ത് ഉള്‍പ്പെടെയുള്ള ഇതര രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങളുമായി നേരിട്ടുള്ള കരാര്‍ ഒപ്പുവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് നോര്‍ക്ക റൂട്ട‌്സ് അധികൃതര്‍. നോര്‍ക്ക ജനറല്‍ മാനേജര്‍ ഗോപകുമാര്‍, സൌദി ജനറല്‍ കണ്‍സള്‍ട്ടന്‍റ് ശിഹാബ് കൊട്ടുകാട്, ലുലു ഗ്രൂപ്പ് റീജണല്‍ ഡയറക്ടര്‍ ഷഹീം മുഹമ്മദ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Related Tags :
Similar Posts