കുവൈത്തില്‍ വിദേശികളുടെ തൊഴില്‍ പെര്‍മിറ്റ് ഫീസ് ഉയര്‍ത്തികുവൈത്തില്‍ വിദേശികളുടെ തൊഴില്‍ പെര്‍മിറ്റ് ഫീസ് ഉയര്‍ത്തി
|കുവൈത്തില്‍ വിദേശികളുടെ തൊഴില്‍ പെര്‍മിറ്റ് ഫീസ് 50 ദിനാര്‍ ആക്കി ഉയര്‍ത്തി.
കുവൈത്തില്‍ വിദേശികളുടെ തൊഴില്‍ പെര്‍മിറ്റ് ഫീസ് 50 ദിനാര്‍ ആക്കി ഉയര്‍ത്തി. തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രി ഹിന്ദ് സബീഹ് ആണ് ഇതുസംബന്ധിച്ച ഉത്തരവില്‍ ഒപ്പുവെച്ചത്. ഫീസ് നിരക്ക് വര്‍ധന ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍ വരും
പുതുതായി വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും നിലവില്‍ രാജ്യത്തുള്ളവരുടെ തൊഴില്‍ വിസ പുതുക്കുന്നതിനും നിരക്ക് വര്‍ദ്ധന ബാധകമാണ്. ഇതനുസരിച്ച് ആദ്യമായി വര്‍ക്ക് പെര്‍മിറ്റ് ഇഷ്യുചെയ്യുന്നതിന് ഓരോ തൊഴിലാളിക്കും 50 ദിനാർ വീതം ഈടാക്കും. തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതിനും മറ്റൊരു സ്ഥാപനത്തിലേക്ക് ജോലി മാറുന്നതിനും അധിക ഫീസ് നല്‍കേണ്ടി വരും. തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതിനു ഇപ്പോള്‍ ഈടാക്കുന്നത് രണ്ട് ദീനാറാണെങ്കില്‍ ജൂണ്‍ മുതല്‍ ഇത് 10 ദീനാറായാണ് വര്‍ദ്ധിക്കുക. മറ്റൊരു കമ്പനിയിലേക്ക് ജോലി മാറുന്നതിന്റെ ഭാഗമായി വര്‍ക്ക് പെര്‍മിറ്റ് മാറ്റാന്‍ ഇപ്പോള്‍ 10 ദിനാര്‍ ഈടാക്കിവരുന്നത് 50 ദിനാറായി ഉയരും.
രാജ്യത്തെ തൊഴില്‍ വിപണിയില്‍ വ്യാപകമായ ക്രമീകരണം വരുത്തുന്നതിന്റെ ഭാഗമായാണ് നിരക്കു വര്‍ധനയെന്ന് തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് വിശദീകരിച്ചു. അവിദഗ്ധരായ വിദേശികളുടെ കടന്നുകയറ്റം നിയന്ത്രിച്ച് രാജ്യത്തിനകത്തുള്ള വിദഗ്ധ തൊഴിലാളികളെ പരമാവധി പ്രയോജനപ്പെടുത്തുക എന്നതും ഫീസ് വർധനയിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നു. ഉത്തരവില്‍ മന്ത്രി ഒപ്പ് വെച്ചെങ്കിലും ജൂണ്‍ ഒന്ന് മുതലാണ് നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ ആവുക.
നിയമ പ്രകാരം തൊഴിലുടമയാണ് വര്‍ക്ക് പെര്‍മിറ്റ് ഫീസ് അടക്കേണ്ടത് എങ്കിലും പല കമ്പനികളും തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കാറാണ് പതിവ്. ഫലത്തില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് സാമ്പത്തികമായ അധിക ബാധ്യത ഉണ്ടാക്കുന്നതാകും നിരക്ക് വര്‍ദ്ധന.