< Back
Gulf
ഫോണ്‍ വഴി തട്ടിപ്പ്: ഏഴ് പാകിസ്താനികളെ ഷാര്‍ജ പൊലീസ് പിടികൂടിഫോണ്‍ വഴി തട്ടിപ്പ്: ഏഴ് പാകിസ്താനികളെ ഷാര്‍ജ പൊലീസ് പിടികൂടി
Gulf

ഫോണ്‍ വഴി തട്ടിപ്പ്: ഏഴ് പാകിസ്താനികളെ ഷാര്‍ജ പൊലീസ് പിടികൂടി

admin
|
13 May 2018 10:55 PM IST

വന്‍തുക ലോട്ടറി അടിച്ചിട്ടുണ്ടെന്നും അതിന്റെ നീക്ക്പോക്കിലേക്കായി കുറച്ച് പണം ഉടനെ വേണമെന്നും വിളിച്ചറിയിച്ചാണ് ഇവര്‍ ഇരകളെ കുടുക്കിയിരുന്നത്.

വന്‍തുക സമ്മാനം അടിച്ചിട്ടുണ്ടെന്ന് ഫോണ്‍ വഴി വിളിച്ചറിയിച്ച് തട്ടിപ്പ് നടത്തുന്ന ഏഴ് പാകിസ്താനികളെ ഷാര്‍ജ പൊലീസ് പിടികൂടി. രാജ്യത്തെ പ്രമുഖ മൊബൈല്‍ കമ്പനിയുടെ പേര് ദുരുപയോഗപ്പെടുത്തിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. വന്‍തുക ലോട്ടറി അടിച്ചിട്ടുണ്ടെന്നും അതിന്റെ നീക്ക്പോക്കിലേക്കായി കുറച്ച് പണം ഉടനെ വേണമെന്നും വിളിച്ചറിയിച്ചാണ് ഇവര്‍ ഇരകളെ കുടുക്കിയിരുന്നത്.

തട്ടിപ്പുകാരുടെ വാക്ക് വിശ്വസിക്കുന്നവരോട് ചെലവു് വരുന്ന തുക മൊബൈല്‍ റീചാര്‍ജ് കൂപ്പണായി അയക്കാനാണ് ആവശ്യപ്പെടുക. ഇത്തരത്തില്‍ വന്‍തുക സംഘം വസൂലാക്കും. ഇരയുടെ പരമാവധി പണം കൈക്ക‍ലാക്കി കഴിഞ്ഞാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യും. അത് വരെ വലിയ സ്വപ്നങ്ങള്‍ നെയ്ത് കൂട്ടിയ ഇരയ്ക്ക് തട്ടിപ്പ് സംഘത്തിന്റെ ഫോണ്‍ നിശബ്ദമാകുന്നതോടെയാണ് ചതി മനസിലാവുക.

ഇവരുടെ വലയില്‍ കുടുങ്ങിയ ചിലര്‍ പൊലീസിനെ സമീപ്പിക്കുകയായിരുന്നു. പൊലീസ് തട്ടിപ്പ് സംഘത്തെ കണ്ടത്തൊന്‍ പ്രത്യേക രഹസ്യാന്വേഷണ വിഭാഗത്തെ ചുമതലപ്പെടുത്തി. ഇവര്‍ നടത്തിയ നീക്കത്തില്‍ സംഘത്തിന്റെ കേന്ദ്രം കണ്ടെത്തി. തുടര്‍ന്ന് ഇവരുടെ പ്രവര്‍ത്തനങ്ങളും പൊലീസ് നിരീക്ഷിച്ചു. ഇതിന് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരുടെ താമസ കേന്ദ്രത്തില്‍ നിന്ന് നിരവധി മൊബൈല്‍ ഫോണുകളും 66 സിംകാര്‍ഡുകളും കണ്ടെടുത്തു. അറബിക്, ഇംഗ്ളീഷ് ഭാഷകളില്‍ തയ്യാറാക്കിയ പറ്റിക്കല്‍ സന്ദേശങ്ങളും ഇവിടെ ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. തങ്ങളുടെ പേരില്‍ പ്രചരിക്കുന്ന ഇത്തരം സമ്മാന തട്ടിപ്പുകളില്‍ വീണ് പോകരുതെന്ന് മൊബൈല്‍ കമ്പനി അറിയിച്ചു. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ അതിന്റെ സത്യാവസ്ഥ എന്താണെന്ന് കമ്പനിയിലേക്ക് വിളിച്ച് ചോദിക്കണമെന്നും അവര്‍ പറഞ്ഞു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത്.

Similar Posts