സോഷ്യല്‍ മീഡിയയില്‍ ഖത്തറിനോട് അനുഭാവം പ്രകടിപ്പിച്ചാല്‍ കുറ്റമായി കണക്കാക്കുമെന്ന് ബഹ്റൈന്‍
|ഇങ്ങിനെ ചെയ്യുന്നവർക്ക് മൂന്ന് മുതല്‍ 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും പിഴ ചുമത്തുമെന്നും ബഹ്റൈൻ മുന്നറിയിപ്പ് നല്‍കി
സോഷ്യല്‍ മീഡിയയില്‍ ഖത്തറിനോട് ബഹ്റൈൻ സ്വീകരിച്ച നിലപാടുകളോട് എതിർപ്പോ ഖത്തറിനോട് അനുഭാവമോ പ്രകടിപ്പിച്ചാൽ ഗുരുതരമായ കുറ്റമായി കണക്കാക്കുമെന്ന് ബഹ്റൈൻ. ഇങ്ങിനെ ചെയ്യുന്നവർക്ക് മൂന്ന് മുതല്‍ 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും പിഴ ചുമത്തുമെന്നും ബഹ്റൈൻ മുന്നറിയിപ്പ് നല്‍കി.
ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങൾ വിച്ഛേദിച്ച ബഹ്റൈനിന്റെ നിലപാടിനെ വിമർശിക്കുന്നവർക്കും ഖത്തറിനോട് ഏതെങ്കിലും തരത്തിൽ അനുഭാവം പ്രകടിപ്പിക്കുന്നവർക്കും കടുത്ത ശിക്ഷ നൽകുമെന്നാണ് ബഹ്റൈൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചിരിക്കുന്നത്. യു.എ.ഇ യും സൗദി അറേബ്യയുമടക്കമുള്ള അറബ് രാജ്യങ്ങൾ സ്വീകരിച്ച നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ശിക്ഷാർഹമാണ്. രാജ്യത്തിന്റെ സുരക്ഷക്കും സമാധാനത്തിനും എതിരെ സ്വീകരിച്ച നിലപാടുകൾ കാരണമാണ് ഖത്തറുമായുള്ള ബന്ധം വിഛേദിച്ചത് എന്നതിനാൽ ഖത്തറിനോടുള്ള അനുഭാവപ്രകടനവും കുറ്റകരമായിത്തീരും. ഈ നിയമം ലംഘിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളോ ട്വീറ്റുകളോ ചെയ്യുന്നതും എഴുത്തിലോ സംസാരത്തിലോ രാജ്യത്തിന്റെ നിലപാടുകൾക്കെതിരു നിൽക്കുന്നതും 5 വര്‍ഷം വരെ തടവിനും പിഴക്കും കാരണമായിത്തീരും. രാജ്യത്തിന്റെ താൽപര്യങ്ങളെയും ഐക്യത്തെയും സ്ഥിരതയെയും അപകടകരമാക്കുന്ന നിലപാടുകൾ പ്രകടിപ്പിക്കുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ നടത്തുന്ന എല്ലാ പ്രതികരണങ്ങളും ശിക്ഷാ നിയമത്തിന്റെ പരിധിയിൽ വരുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.