< Back
Gulf
Gulf

അറബ് രാജ്യങ്ങളിലെ യുവജനങ്ങള്‍ ഐഎസ് ആശയങ്ങളെ തള്ളിക്കളയുന്നെന്ന് സര്‍വ്വേ

admin
|
15 May 2018 1:33 PM IST

18- 24 പ്രായപരിധിയിലുള്ള പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമിടയിലാണ് 180 ചോദ്യങ്ങളുള്ള ചോദ്യാവലി ഉപയോഗിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സര്‍വേ നടത്തിയത്...

അറബ് രാജ്യങ്ങളിലെ ഭൂരിപക്ഷം യുവാക്കളും ഭീകര സംഘടനയായ ഐ.എസിന്റെ ആശയങ്ങളെ തള്ളിക്കളയുന്നതായി സര്‍വേ. 16 രാജ്യങ്ങളിലെ 3500 യുവാക്കള്‍ക്കിടയില്‍ അസ്ദ ബഴ്‌സണ്‍ മാസ്റ്റല്ലര്‍ എന്ന ഏജന്‍സി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. ഇസ്ലാമിക രാജ്യം സ്ഥാപിക്കാന്‍ ഐ.എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയില്‌ളെന്നും പകുതിയോളം യുവാക്കള്‍ പ്രതികരിച്ചു. മിഡിലീസ്റ്റ് രാജ്യങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഐ.എസ് ആണെന്ന് 50 ശതമാനത്തോളം യുവാക്കള്‍ വിശ്വസിക്കുന്നു.


18- 24 പ്രായപരിധിയിലുള്ള പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമിടയിലാണ് 180 ചോദ്യങ്ങളുള്ള ചോദ്യാവലി ഉപയോഗിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സര്‍വേ നടത്തിയത്. കേവലം 15 ശതമാനം യുവാക്കള്‍ മാത്രമാണ് ഇസ്ലാമിക രാജ്യം സ്ഥാപിക്കാന്‍ ഐ.എസിന് സാധിക്കുമെന്ന് പ്രതികരിച്ചത്. 76 ശതമാനം പേരുടെയും അഭിപ്രായം മറിച്ചായിരുന്നു. തൊഴിലവസരങ്ങള്‍ കുറഞ്ഞതിനാലാണ് ചെറുപ്പക്കാര്‍ തീവ്രവാദ സംഘടനകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതെന്ന് 24 ശതമാനം പേര്‍ വിശ്വസിക്കുന്നു.

ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളുടെ വളച്ചൊടിക്കലാണ് കാരണമെന്ന് 18 ശതമാനം പേരും സുന്നി - ശിയ സംഘര്‍ഷമാണ് കാരണമെന്ന് 17 ശതമാനം പേരും മതത്തില്‍ പാശ്ചാത്യ ചിന്തകളുടെ ഇടപെടലാണെന്ന് 15 ശതമാനം പേരും അഭിപ്രായപ്പെട്ടു. തങ്ങള്‍ ജീവിക്കുന്ന രാജ്യങ്ങളില്‍ മികച്ച തൊഴിലവസരങ്ങള്‍ ഉണ്ടെന്ന് 44 ശതമാനം പേര്‍ മാത്രമേ സമ്മതിക്കുന്നുള്ളൂ. അറബ് രാജ്യങ്ങളില്‍ 75 ദശലക്ഷത്തോളം പേര്‍ തൊഴില്‍രഹിതരാണെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ കണക്കുകള്‍ ഉദ്ധരിച്ച് സര്‍വേ വ്യക്തമാക്കുന്നു.

അറബ് യുവാക്കള്‍ ജീവിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യം യു.എ.ഇയാണെന്ന് സര്‍വേയില്‍ വ്യക്തമായി. തുടര്‍ച്ചയായി അഞ്ചാം തവണയാണ് രാജ്യം ഈ നേട്ടം സ്വന്തമാക്കുന്നത്. ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ട യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം രാജ്യത്തില്‍ വിശ്വാസമര്‍പ്പിച്ച യുവാക്കള്‍ക്ക് നന്ദി പറഞ്ഞു.

സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം യുവാക്കളും വികസന മാതൃകയായി ഉയര്‍ത്തിക്കാണിക്കുന്നത് യു.എ.ഇയെയാണ്. പുതിയ ബിസിനസ് സംരംഭം തുടങ്ങാന്‍ താല്‍പര്യമുള്ള രാജ്യമേതെന്ന ചോദ്യത്തിന് 24 ശതമാനത്തിന്റെയും ഉത്തരം യു.എ.ഇ എന്നായിരുന്നു. സൗദി അറേബ്യ, ഖത്തര്‍ എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Related Tags :
Similar Posts