ശുവൈഖ് തുറമുഖത്തു നിന്ന് വീണ്ടും കണ്ടെയ്‌നറുകൾ അപ്രത്യക്ഷമായതായി റിപ്പോർട്ട്ശുവൈഖ് തുറമുഖത്തു നിന്ന് വീണ്ടും കണ്ടെയ്‌നറുകൾ അപ്രത്യക്ഷമായതായി റിപ്പോർട്ട്
|സാനിറ്ററി ഉൽപന്നങ്ങളുമായെത്തിയ മൂന്നു കണ്ടെയ്‌നറുകൾ പരിശോധനക്കു മുൻപ് കടത്തിക്കൊണ്ടു പോയതായി അൽറായി ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്
കുവൈത്തിലെ ശുവൈഖ് തുറമുഖത്തു നിന്ന് വീണ്ടും കണ്ടെയ്‌നറുകൾ അപ്രത്യക്ഷമായതായി റിപ്പോർട്ട് . സാനിറ്ററി ഉൽപന്നങ്ങളുമായെത്തിയ മൂന്നു കണ്ടെയ്‌നറുകൾ പരിശോധനക്കു മുൻപ് കടത്തിക്കൊണ്ടു പോയതായി അൽറായി ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത് . നേരത്തെ തുറമുഖത്തു നിന്ന് പതിമൂന്നു കണ്ടെയ്‌നറുകൾ ഒരുമിച്ചു കാണാതായ സംഭവം ഏറെ വിവാദമായിരുന്നു .
പതിമൂന്നു കണ്ടെയ്‌നറുകൾ കസ്റ്റംസ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനു മുൻപ് അപ്രത്യക്ഷമായ സംഭവത്തിൽ അന്വേഷണം എങ്ങുമെത്താതെ നിൽക്കുമ്പോഴാണ് വീണ്ടും മൂന്നു കണ്ടെയ്‌നറുകൾ കൂടി പോർട്ടിൽ നിന്ന് അപ്രത്യക്ഷമായത് . ഇത്തവണ കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെയാണ് പരാതിക്കാർ . സാനിറ്ററി ഉൽപ്പന്നങ്ങൾ അടങ്ങിയ കണ്ടൈനർ ഉദ്യോഗസ്ഥരെ കബളിപ്പിച്ചു പരിശോധനാക്ക് മുൻപ് കടത്തി കൊണ്ട് പോയെന്നാണ് പരാതി . കഴിഞ്ഞ ഡിസംബറിൽ ശുവൈഖ് തുറമുഖത്തുനിന്ന് 14 കണ്ടെയ്നറുകൾ കാണാതായത് പാർലിമെന്റിൽ അടക്കം ഏറെ ഒച്ചപ്പാടുകൾക്കു ഇടയാക്കിയിരുന്നു . ദുബൈയിൽനിന്നെത്തിയ 14 ഷിപ്പിംഗ് കണ്ടെയ്നറുകളാണ് കസ്റ്റംസ് നടപടികൾ പൂർത്തിയാക്കുന്നതിന് മുമ്പ് കടത്തിക്കൊണ്ടുപോയത്.
തുറമുഖ ജീവനക്കാരിൽ ചിലർ സാമൂഹിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തിയതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അങ്കറ മരുപ്രദേശത്തുനിന്ന് മദ്യശേഖരമടങ്ങിയ മൂന്നു കണ്ടെയ്‌നറുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽകണ്ടെത്തിയിരുന്നു ബാക്കിയുള്ളവക്കായി അധികൃതർ ഊർജ്ജിതമായ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ തുമ്പൊന്നും ലഭിച്ചില്ല . വിഷയത്തിൽ പാർലിമെന്റംഗങ്ങൾ ഇടപെട്ടതോടെ കസ്റ്റംസ് മേധാവിയെ ജോലിയിൽ നിന്ന് നീക്കിയിരുന്നു സംഭവവുമായി ബന്ധപ്പെട്ടു രണ്ടു മലയാളികൾ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ് . പാർലമെന്റ് തലത്തിലും വകുപ്പ് തലത്തിലും അന്വേഷണം പുരോഗമിക്കവെ കണ്ടെയ്നർ കടത്ത് ആവർത്തിച്ചത്അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത് .