ദഷ്തിക്ക് കുവൈത്ത് പാര്‍ലമെന്‍ര് അംഗത്വം നഷ്ടമായേക്കുംദഷ്തിക്ക് കുവൈത്ത് പാര്‍ലമെന്‍ര് അംഗത്വം നഷ്ടമായേക്കും
|കുവൈത്തിൽ വിവാദ പരാമർശത്തെ തുടർന്ന് അറസ്റ്റ് ഭീഷണി നേരിടുന്ന അബ്ദുൽ ഹമീദ് ദഷ്തിക്ക് പാര്‍ലമെന്‍ര് അംഗത്വം നഷ്ടമാകാൻ സാധ്യത.

കുവൈത്തിൽ വിവാദ പരാമർശത്തെ തുടർന്ന് അറസ്റ്റ് ഭീഷണി നേരിടുന്ന അബ്ദുൽ ഹമീദ് ദഷ്തിക്ക് പാര്‍ലമെന്‍ര് അംഗത്വം നഷ്ടമാകാൻ സാധ്യത. ആരോഗ്യപരമായ കാരണങ്ങളാൽ സഭയിൽ ഹാജരാകാൻ കഴിയില്ലെന്ന അഭ്യർഥന കുവൈത്ത് പാര്‍ലമെന്‍റ് തള്ളിയതാണ് ദഷ്തിയുടെ എം പി സ്ഥാനത്തിന് ഭീഷണിയായിരിക്കുന്നത്.
പാര്‍ലമെന്‍റ് അംഗം തുടർച്ചയായി അഞ്ചിലേറെ തവണ സമ്മേളനങ്ങളിൽ നിന്ന് വിട്ടു നില്കുന്നതു അംഗത്വം രാജി വെക്കുന്നതിനു സമാനമായി കണക്കാക്കണം എന്നാണു കുവൈത്ത് നാഷണൽ അസംബ്ലിയുടെ ചട്ടം. ഹൃദയ സംബന്ധമായ അസുഖങ്ങൾ കാരണം ലണ്ടനിൽ ചികിത്സയിലാണെന്നും മാര്‍ച്ച് 30 വരെ സഭാ നടപടികളിൽ പങ്കെടുക്കാൻ ആകില്ലെന്നും കാണിച്ചു ദഷ്തി പാര്‍ലമെന്‍റ് സ്പീക്കർ മർസൂഖ് അൽഗാനിമിനു കത്ത് നല്‍കിയിരുന്നു. എന്നാൽ വോട്ടെടുപ്പിൽ പങ്കെടുത്ത 45 അംഗങ്ങളിൽ 5 പേര് മാത്രമാണ് അവധി അപേക്ഷക്ക് അനുകൂലമായി വോട്ട് ചെയ്തത്. ദഷ്തിയുടെ അംഗത്വം അസാധുവാക്കണം എന്ന ആവശ്യവും പാർലിമെന്‍റ് അംഗങ്ങള്‍ക്കിടയില്‍ ശക്തമാണ്.
ഭീകരവാദ സംഘടനകൾക്ക് സാമ്പത്തിക സഹായം നല്‍കിയ കേസിൽ ദഷ്തിക്കു 2 വര്‍ഷത്തെ തടവ് വിധിച്ച ബഹറിൻ കോടതി അറസ്റ്റ് ചെയ്യാൻ ബഹറൈൻ ഇന്റർ പോളിന്റെ സഹായം തേടിയിരുന്നു. തങ്ങളുടെ പൗരനെ വിദേശരാജ്യത്തെ നിയമവ്യവസ്ഥക്ക് വിട്ടു കൊടുക്കാൻ ആകില്ലെന്നായിരുന്നു കുവൈത്ത് ആദ്യമെടുത്ത നിലപാട്. കഴിഞ്ഞ ദിവസം ചേർന്ന പാര്‍ലമെന്‍റ് സമ്മേളനം ദഷ്തിയുടെ പാർലിമെന്ററി പരിരക്ഷ എടുത്തുമാറ്റുകയും ബഹറൈൻ കോടതി വിധിയെക്കുറിച്ച് എംപിയെ ഔദ്യോഗികമായി അറിയിക്കാനും തീരുമാനിച്ചു. നേരത്തെ സൗദി എംബസി നല്കിയ പരാതിയിലും പാര്‍ലമെന്‍റ് പരിരക്ഷ ഒഴിവാക്കി നല്‍കിയിരുന്നു. കുവൈത്ത് പബ്ലിക് പ്രോസിക്യൂട്ടർ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടും എംപിക്കെതിരെ നിലനില്ക്കുന്നുണ്ട്.
അതിനിടെ സിറിയൻ പ്രസിഡന്‍റ് ബശാറൽ അസദിനോടൊപ്പം നിൽക്കുന്ന ദഷ്തിയുടെ ചിത്രം അൽകബ്സ് പത്രം പ്രസിദ്ധീകരിച്ചു. ഈ മാസം 19, 20 തിയതികളില്‍ സിറിയയിൽ ദശ്ത്തിയുള്‍പ്പെട്ട സംഘം പ്രത്യേക യോഗം ചേര്‍ന്നിരുന്നതായും യോഗത്തിൽ സിറിയൻ പ്രസിഡണ്ടിന്റെ ദൂതൻ പങ്കെടുത്തതായും പത്രം റിപ്പോർട്ട് ചെയ്തു.