ഷാർജ ഭരണാധികാരി സെപ്തംബർ 24ന് കേരളത്തിൽ
|കോഴിക്കോട് സർവകലാശാലയുടെ ഡിലിറ്റ് ബിരുദം സ്വീകരിക്കാനാണ് അദ്ദേഹമെത്തുന്നത്
യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസ്മി സെപ്തംബർ 24ന് കേരളത്തിൽ എത്തും. കോഴിക്കോട് സർവകലാശാലയുടെ ഡിലിറ്റ് ബിരുദം സ്വീകരിക്കാനാണ് അദ്ദേഹമെത്തുന്നത്. നാലു ദിവസം അദ്ദേഹം കേരളത്തിൽ തങ്ങും.
ഞായറാഴ്ച കേരളത്തിൽ എത്തുന്ന ഷാർജ ഭരണാധികാരിക്ക് വൻ സ്വീകണമാകും ലഭിക്കുക. വൈകീട്ട് മൂന്നു മണിക്ക് തിരുവനന്തപുരത്താണ് അദ്ദേഹം വിമാനം ഇറങ്ങുക. തൊട്ടടുത്ത ദിവസം കാലത്ത് സെക്രട്ടറിയറ്റിൽ മന്ത്രിസഭാംഗങ്ങളുമായി അദ്ദേഹം ആശയവിനിമയം നടത്തും. തുടർന്ന് രാജ്ഭവനിൽ ഗവർണറുമായി കൂടിക്കാഴ്ച. രാജ്ഭവനിൽ ഗവർണറുടെ ഉച്ചവിരുന്നും നടക്കും. വൈകീട്ട് ആറരക്ക് ഹോട്ടൽ ലീലയിൽ കേരളത്തിന്റെ തനതു കലാരൂപങ്ങൾ ഉൾപ്പെടുന്ന സാംസ്കാരിക പ്രദർശനം ഒരുക്കും.
26ന് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വക ക്ലിഫ് ഹൗസിൽ ചായസൽക്കാരം. തുടർന്ന് ഇരുവരും രാജ്ഭവനിലേക്ക് നീങ്ങും. അവിടെ നടക്കുന്ന ചടങ്ങിലാകും ഡിലിറ്റ് വിതരണം. ബുധനാഴ്ച വ്യവസായ പ്രമുഖൻ എം.എ യൂസുഫലിക്കൊപ്പം കൊച്ചിയിൽ സ്വകാര്യ സന്ദർശനം. അന്നു വൈകീട്ട് ശൈഖ് സുൽത്താൻ ആൽ ഖാസ്മി ഷാർജയിലേക്ക് മടങ്ങും.
ഷാർജ ഭരണാധികാരിക്കൊപ്പം യു.എ.ഇയിൽ നിന്നുള്ള നിരവധി പ്രമുഖരും കേരളത്തിലെത്തും. ഷാർജ മീഡിയാ കോർപറേഷൻ ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ അഹ്മദ്, ഷാർജ റൂളേഴ്സ് കോർട്ട് ചെയർമാൻ ശൈഖ് സാലെം ബിൻ അബ്ദുൽ റഹ്മാൻ, ഷാർജ പെട്രോളിയം കൗൺസിൽ വൈസ് ചെയർമാൻ ശൈഖ് ഫാഹിം ആൽ ഖാസ്മി, ഷാർജ കൾച്ചറൽ അതോറിറ്റി ചെയർമാൻ അബ്ദുല്ല അൽ ഉവൈസ് എന്നിവർ സംഘത്തിലുൾപ്പെടും. വ്യവസായ പ്രമുഖൻ എം.എ യൂസുഫലി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം എന്നിവരും ഷാർജ ഭരണാധികാരിയെ അനുഗമിക്കും.
ഡിസംബറിൽ യു.എ.ഇ സന്ദർശന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഷാർജ ഭരണാധികാരിയെ കേരളത്തിലേക്ക് ക്ഷണിച്ച് ഔദ്യോഗികമായി കത്ത് കൈമാറിയത്. മലയാളി സമൂഹത്തോട് എന്നും താൽപര്യം പുലർത്തുന്ന ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസ്മി ക്ഷണം സ്വീകരിക്കുകയായിരുന്നു.