സൌദിയില്‍ 11 രാജകുമാരന്മാര്‍ അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്സൌദിയില്‍ 11 രാജകുമാരന്മാര്‍ അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്
|അഴിമതി നിര്‍മാര്‍ജനത്തിനായി ഇന്നലെ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ ഉന്നത സമിതി രൂപീകരിച്ചിരുന്നു.
സൌദി അറേബ്യയില്‍ അഴിമതി കേസുകളില്‍ പെട്ട രാജകുമാരന്മാരെയും വ്യവസായ പ്രമുഖരെയും അറസ്റ്റ് ചെയ്തെന്ന് അറബ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. നാഷണല്‍ ഗാര്‍ഡ് മന്ത്രിയെയും പ്ലാനിങ് മന്ത്രിയെയും നാവികസേനാ തലവനേയും മാറ്റി. അഴിമതി നിര്‍മാര്‍ജനത്തിനായി ഇന്നലെ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ ഉന്നത സമിതി രൂപീകരിച്ചിരുന്നു.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ ഉന്നത കമ്മിറ്റി രൂപീകരിച്ചത് സല്‍മാന്‍ രാജാവിന്റെ കല്‍പന അനുസരിച്ചാണ്. സൌദി അഴിമതി വിരുദ്ധ കമ്മീഷന്‍, പൊതു സുരക്ഷാ വിഭാഗം, ജനറല്‍ പ്രോസിക്യൂട്ടര്‍ ആന്റ് ഇന്‍വെസ്ററിഗേഷന്‍ അതോറ്റി എന്നിവയും കമ്മിറ്റിയിലുണ്ട്. ഈ കമ്മിറ്റിയുടെ ആദ്യ തീരുമാനമായിരുന്നു വിവിധ അറസ്റ്റുകള്‍. 11 രാജകുമാരന്മാര്‍ അറസ്റ്റിലായെന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോടീശ്വരന്മാരും അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായവരുടെ വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഇന്നലെ രാത്രിയിലാണ് സൌദിയിലെ നിര്‍ണായക മാറ്റങ്ങള്‍ അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സല്‍മാന്‍ രാജാവിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രണ്ട് മന്ത്രിമാരെ മാറ്റിയിരുന്നു. നാഷനല്‍ ഗാര്‍ഡ് മന്ത്രി മുത്ഇബ് ബിന്‍ അബ്ദുല്ലയെ സ്ഥാനത്തുനിന്ന് മാറ്റി. പകരം അമീര്‍ ഖാലിദ് ബിന്‍ അയ്യാഫിനെ നിയമിച്ചു. പ്ളാനിങ് മന്ത്രി ആദില്‍ ഫഖീഹിന് പകരം മുഹമ്മദ് അത്തുവൈജിരിയാണ് പുതിയ മന്ത്രി. നാവികസേനാ മേധാവി അബ്ദുല്ല സുല്‍ത്താനെയും സ്ഥാനത്തുനിന്ന് നീക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അഴിമതി വിരുദ്ധ സമിതിയുടെ നടപടികള്‍. നീക്കങ്ങള്‍ പ്രത്യാശയോടെയാണ് അറബ് ലോകം കാണുന്നത്.