< Back
Gulf
സ്വകാര്യ പാർപ്പിടമേഖലയിൽ താമസിക്കുന്ന ബാച്ചിലർമാർക്കെതിരെ  നടപടി ശക്തമാക്കി കുവൈത്ത്
Gulf

സ്വകാര്യ പാർപ്പിടമേഖലയിൽ താമസിക്കുന്ന ബാച്ചിലർമാർക്കെതിരെ നടപടി ശക്തമാക്കി കുവൈത്ത്

Web Desk
|
2 July 2018 11:16 AM IST

അഹ്‍മദി ഗവർണറേറ്റിൽ ബാച്ചിലർമാർ താമസിച്ചുവന്ന 112 വീടുകളുടെ വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. സർക്കാർ ഭവനപദ്ധതിയിലൂടെ ലഭിച്ച വീടുകൾ വിദേശി ബാച്ചിലർമാർക്ക്  സ്വദേശികൾ വാടകയ്ക്ക് നല്‍കുകയായിരുന്നു.

കുവൈത്തിൽ സ്വകാര്യ പാർപ്പിട മേഖലയിൽ താമസിക്കുന്ന ബാച്ചിലർമാർക്കെതിരെ മുനിസിപ്പാലിറ്റി നടപടി ശക്തമാക്കി. സ്വദേശി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ വിദേശി ബാച്ചിലർമാരെ യാതൊരു നിലക്കും താമസിക്കാൻ അനുവദിക്കില്ലെന്നാണ് മുനിസിപ്പാലിറ്റി നിലപാട്. വിദേശി ബാച്ചിലർമാരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും അധികൃതർ വ്യക്തമാക്കി.

സ്വകാര്യ പാർപ്പിടമേഖലയിൽ വിദേശികൾക്ക് താമസം അനുവദിക്കുന്നതായി പരാതികൾ വർദ്ധിച്ച സാഹചര്യത്തിലാണ് മുൻസിപ്പാലിറ്റി നടപടികൾ ശക്തമാക്കിയത്. ആറു ഗവർണറേറ്റുകളിലെയും സ്വകാര്യപാർപ്പിട മേഖലയിൽ താമസിക്കുന്ന വിദേശി ബാച്ചിലർമാരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട് . മുനിസിപ്പൽ ഡയറക്ടർറുടെ നിർദേശപ്രകാരം അന്വേഷണ സംഘം കഴിഞ്ഞ ദിവസം ഹവല്ലി ഗവർണറേറ്റിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. സൽവ, റുമൈതിയ ഭാഗങ്ങളില്‍ നിരവധി ബാച്ചിലർമാർക്ക് ഒഴിഞ്ഞുപോവാൻ നോട്ടീസ് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ് ച അഹ് മദി ഗവർണറേറ്റിൽ ബാച്ചിലർമാർ താമസിച്ചുവന്ന 112 വീടുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. സ്വദേശികൾക്ക് സർക്കാർ ഭവന പദ്ധതിയിലൂടെ ലഭിച്ച വീടുകൾ വിദേശി ബാച്ചിലർമാർക്ക് വാടകക്ക് നൽകി വന്നതാണ് പിടികൂടിയത്. സ്വദേശികളുടെ റെസിഡൻഷ്യൽ ഏരിയയിൽ വിദേശികൾ താമസിക്കുന്നത് മുനിസിപ്പൽ ചട്ടപ്രകാരം നിയമലംഘനമാണ്. ഇത് വിവിധ സാമൂഹിക-സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാവുന്നുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Related Tags :
Similar Posts