< Back
Gulf
കുവൈത്തില്‍ ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തിനുള്ളില്‍ ഉണ്ടായത് രണ്ടുലക്ഷത്തിലധികം സൈബര്‍ ആക്രമണങ്ങള്‍
Gulf

കുവൈത്തില്‍ ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തിനുള്ളില്‍ ഉണ്ടായത് രണ്ടുലക്ഷത്തിലധികം സൈബര്‍ ആക്രമണങ്ങള്‍

Web Desk
|
10 July 2018 11:54 AM IST

90 ബാങ്കിങ് സോഫ്റ്റ്‌വെയറുകളും നിരവധി വാട്സ് ആപ് അക്കൌണ്ടുകളും ഹാക് ചെയ്യപ്പെട്ടു.

കുവൈത്തിൽ ഈ വർഷം ആദ്യ മൂന്ന് മാസത്തിനിടെ മാത്രം രണ്ട് ദശലക്ഷം സൈബർ ആക്രമണങ്ങളുണ്ടായതായി റിപ്പോർട്ട്. 90 ബാങ്കിങ് സോഫ്റ്റ്‌വെയറുകളും നിരവധി വാട്സ് ആപ് അക്കൌണ്ടുകളും ഹാക് ചെയ്യപ്പെട്ടു. സൈബർ സുരക്ഷാ രംഗത്തു പ്രവർത്തിക്കുന്ന ട്രെൻഡ് മൈക്രോ കമ്പനിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

2018 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 2,24,916 സൈബർ ആക്രമണങ്ങളാണ് കുവൈത്തിനെതിരെ ഉണ്ടായത്. പൊതു സ്വകാര്യ മേഖലകൾക്ക് പുറമെ സ്വദേശികളും വിദേശികളുമായ വ്യക്തികൾ നേരിട്ടത് കൂടി ചേർത്തുള്ള കണക്കാണിത്. വിവരങ്ങൾ ചോർത്തലും പ്രവർത്തനം തടസ്സപ്പെടുത്തലുമാണ് കൂടുതൽ ഉണ്ടായത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‍സൈറ്റ് ഹാക്ക് ചെയ്യാൻ ശ്രമം ഉണ്ടായെങ്കിലും തന്ത്രപരമായ സർക്കാർ വിവരങ്ങളെല്ലാം സുരക്ഷിതമാണ്. അബൂതർഹിം എന്ന ഹാക്കർ ആണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ് സൈറ്റിൽ നുഴഞ്ഞു കയറാൻ വിഫല ശ്രമം നടത്തിയതെന്നു കണ്ടെത്തിയിട്ടുണ്ട് വെബ്‍സൈറ്റിന്റെ പ്രവർത്തനം കുറച്ചുസമയത്തേക്ക് നിർത്തിവെക്കേണ്ടി വന്നതൊഴിച്ചാൽ പ്രശ്നങ്ങളില്ലാതെ കൈകാര്യം ചെയ്യാൻ അധികൃതർക്ക് കഴിഞ്ഞു.

ബാങ്കിങ് സോഫ്‍റ്റ് വെയറുകൾക്കെതിരെയും ആക്രമണ ശ്രമമുണ്ടായി. 90 കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബ്രോഡ് കാസ്റ്റ് മെസേജുകളിലൂടെ അയക്കുന്ന അപകടകരമായി ലിങ്ക് വഴിയാണ് വാട്സ് ആപ്പ് അക്കൗണ്ടുകളിൽ ഹാക്കർമാർ നുഴഞ്ഞു കയറുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും മത്സരങ്ങളും സമ്മാന പദ്ധതികളും വഴിയാണ് ആളുകളെ കെണിയിൽ പെടുത്തുന്നത്. രാജ്യത്തിന് പുറത്തുനിന്നാണ് ഹാക്കിങ് ശ്രമങ്ങൾ ഉണ്ടാവുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

Related Tags :
Similar Posts