< Back
Gulf
ജി.സി.സി രാജ്യങ്ങളിലെ  വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച്ച നടത്തി
Gulf

ജി.സി.സി രാജ്യങ്ങളിലെ  വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച്ച നടത്തി

Web Desk
|
30 Sept 2018 2:36 AM IST

ഖത്തറിനെതിരെ അയല്‍ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായാണ് ഗള്‍ഫ് രാജ്യങ്ങളിലെ മന്ത്രിമാര്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തുന്നത്

ജി.സി.സി പ്രതിസന്ധി പരിഹാരാമാകാതെ തുടരുന്നതിനിടെ ആറ് ഗള്‍ഫ് രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച്ച നടത്തി. ന്യൂയോര്‍ക്കില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടന്നത്.

അറബ് മേഖലയിലെ പ്രതിസന്ധിയെ വൈകാരികമായല്ല ക്ഷമയോടെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞു. ഖത്തറിനെതിരെ അയല്‍ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായാണ് ഗള്‍ഫ് രാജ്യങ്ങളിലെ മന്ത്രിമാര്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തിയത്.

ഉപരോധമായിരുന്നില്ല പ്രധാന അജണ്ടയെങ്കിലും ഗള്‍ഫ് പ്രതിസന്ധിയും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായെന്നാണ് പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍.

ഇറാന്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ ഗള്‍ഫ് രാജ്യങ്ങളുടെ സഖ്യം രൂപപ്പെടുത്തുകയായിരുന്നു അമേരിക്കന്‍ ലക്ഷ്യമെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം പരിഹരിക്കാതെ മേഖലയില്‍ മറ്റൊരു സഖ്യം ഫലപ്രദമാവില്ലെന്ന് കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്ത ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി പറഞ്ഞു. അറബ് മേഖലയിലെ പ്രതിസന്ധികളെ വൈകാരികമായല്ല ക്ഷമയോടെയാണ് കൈകാര്യം ചെയ്യേണ്ടതെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു.

ഗള്‍ഫ് പ്രതിസന്ധി സ്തംഭനാവസ്ഥയിലാണെന്നും ജി.സി.സി നിഷ്ക്രിയമാണെന്നും വിദേശകാര്യമന്ത്രി പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അതെസമയം ഉപരോധ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തിയതിനെ വലിയ പ്രാധാന്യത്തോടെയാണ് അന്തര്‍ ദേശിയ മാധ്യമങ്ങളും അറബ് ലോകവും നോക്കിക്കാണുന്നത്.

Related Tags :
Similar Posts