< Back
Gulf
ഇറാന് മേലുള്ള അമേരിക്കയുടെ രണ്ടാംഘട്ട ഉപരോധം അടുത്തമാസം നിലവില്‍ വരും
Gulf

ഇറാന് മേലുള്ള അമേരിക്കയുടെ രണ്ടാംഘട്ട ഉപരോധം അടുത്തമാസം നിലവില്‍ വരും

Web Desk
|
27 Oct 2018 12:36 AM IST

ഇറാന് മേലുള്ള അമേരിക്കയുടെ രണ്ടാംഘട്ട ഉപരോധം അടുത്തമാസം അഞ്ചോടെ നിലവില്‍ വരും. രണ്ടാംഘട്ടത്തില്‍ ഇറാന്റെ എണ്ണ വിപണന മേഖലയെയാണ് ട്രംപ് ലക്ഷ്യം വെക്കുന്നത്.

ആദ്യഘട്ട ഉപരോധത്തിന്‍ വഴങ്ങാതിരുന്നത് കാരണം ഇറാനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനാണ്അമേരിക്കയുടെ ഉദ്ദേശ്യം. ആദ്യഘട്ടത്തില്‍ യുഎസ് ഡോളറും സ്വർണവും ലോഹവും വിപണനം നടത്തുന്നതിനാണ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്. ഇത്തവണ ലക്ഷ്യം എണ്ണ വിപണന മേഖലയാണെന്നുള്ളത് മുന്നില്‍ കണ്ട് വലിയ നിക്ഷേപകര്‍ ഇറാനെ കൈ വിട്ട് തുടങ്ങി. ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. അതിനാല്‍ തന്നെ യുഎസിന്‍റെ ഉപരോധം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രാജ്യങ്ങള്‍ ഇന്ത്യയും ചൈനയുമാണ്. നവംബര്‍ നാല് മുതല്‍ ക്രൂഡിന്‍റെ വില രൂപയില്‍ നല്‍കി ഉപരോധം നേരിടാനാണ് ഇന്ത്യ ആലോചിക്കുന്നത്. നവംബര്‍ നാല് മുതല്‍ ഇറാന് ഇന്ധന വില നല്‍കാനുളള രാജ്യാന്തര വഴികളെല്ലാം അടയ്ക്കുമെന്ന യുഎസ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. നിലവില്‍ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ ഇറാന്‍ എണ്ണയ്ക്ക് പണം നല്‍കുന്നത് യൂറോപ്യന്‍ ബാങ്കിങ് ശൃംഖലയിലൂടെയാണ്. അതിനാല്‍ തന്നെ യൂറോയ്ക്ക് പ്രാധാന്യം നല്‍കിയാണ് പണം കൈമാറുന്നത്. യുഎസ് ഉപരോധം നടപ്പില്‍ വരുന്നതോടെ ഈ കൈമാറ്റം തടസ്സപ്പെടാനാണ് സാധ്യത.

Related Tags :
Similar Posts