< Back
Gulf
യമന്‍ യുദ്ധത്തില്‍ പരിക്കേറ്റ ഹൂതികളെ ഒമാനിലെത്തിക്കാന്‍ സൗദി സഖ്യ സേന സമ്മതിച്ചു
Gulf

യമന്‍ യുദ്ധത്തില്‍ പരിക്കേറ്റ ഹൂതികളെ ഒമാനിലെത്തിക്കാന്‍ സൗദി സഖ്യ സേന സമ്മതിച്ചു

Web Desk
|
6 Dec 2018 12:44 AM IST

ഇതോടെ ഹൂതികള്‍ ചര്‍ച്ചക്കെത്തുമെന്ന് ഉറപ്പായി. യമന്‍ യുദ്ധം അവസാനത്തിലേക്ക് നീങ്ങുന്നുവെന്ന പ്രതീക്ഷ നല്‍കുകയാണ് സഖ്യസേനാ പ്രഖ്യാപനം.

യമന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി പരിക്കേറ്റ ഹൂതികളെ ഒമാനിലെത്തിക്കാന്‍ സൌദി സഖ്യ സേന സമ്മതിച്ചു. ഐക്യരാഷ്ട്ര സഭയുടെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനം. ഇതോടെ സമാധാന ചര്‍‌ച്ചക്കുണ്ടായിരുന്ന അവസാന തടസ്സവും നീങ്ങി.

റിയാദിലെ സായുധ സേനാ ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സഖ്യസേനയുടെ നിര്‍ണായക തീരുമാനം അറിയിച്ചത്. കഴിഞ്ഞ യമന്‍ സമാധാന ചര്‍ച്ച നടക്കാതെ പാളാന്‍ കാരണം ഈ അനുമതി ലഭിക്കാത്തതായിരുന്നു. അതായത് യമന്‍ തലസ്ഥാനം സന്‍ആയില്‍ പരിക്കേറ്റ് കഴിയുന്ന ഹൂതി നേതാക്കള്‍ക്ക് ഒമാനില്‍ ചികിത്സ ലഭ്യമാക്കണം. മികച്ച ചികിത്സ യമനില്‍ ലഭ്യമല്ലാത്ത സാഹചര്യത്തിലാണിത്. ഇവരെ വിമാനമാര്‍ഗം ഒമാനിലെത്തിക്കാന്‍ സഖ്യസേന സഹകരിക്കും.

ഇതോടെ ഹൂതികള്‍ ചര്‍ച്ചക്കെത്തുമെന്ന് ഉറപ്പായി. യമന്‍ യുദ്ധം അവസാനത്തിലേക്ക് നീങ്ങുന്നുവെന്ന പ്രതീക്ഷ നല്‍കുകയാണ് സഖ്യസേനാ പ്രഖ്യാപനം. അതേ സമയം ഹുദൈദയിലെ സൈനിക നടപടി തുടരും.

Similar Posts