
കുട്ടികളെ തനിച്ചയക്കാൻ അധികചാർജ്; എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനം പ്രവാസികൾക്ക് തിരിച്ചടിയാകും
|ഓരോ യാത്രക്കും 165 ദിര്‍ഹം അഥവാ മൂവായിരത്തി അഞ്ഞൂറോളം രൂപ അധികം നല്‍കണം.
കുട്ടികളെ തനിച്ച് യാത്രചെയ്യാന്‍ അനുവദിക്കുന്നതിന് എയര്‍ ഇന്ത്യ എക്സ്പ്രസ് ഇനി അധിക ചാര്‍ജ് ഈടാക്കും. ഓരോ യാത്രക്കും 165 ദിര്‍ഹം അഥവാ മൂവായിരത്തി അഞ്ഞൂറോളം രൂപ അധികം നല്‍കണം. നിരക്ക് താങ്ങാനാവാത്തതിനാല്‍ അവധിക്കാലത്ത് കുട്ടികളെ മാത്രം നാട്ടിലേക്ക് അയക്കുന്ന പ്രവാസികള്‍ക്ക് ഇത് തിരിച്ചടിയായി മാറും. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ എയര്‍പോര്‍ട്ട് ഓഫിസില്‍ നിന്ന് മാത്രമേ കുട്ടികളെ തനിച്ചയക്കാന്‍ ഇനി ടിക്കറ്റ് നല്‍കൂ.

എയര്‍ ഇന്ത്യ എക്സ്പ്രസ് യു.എ.ഇയിലെ ട്രാവല്‍ എജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് പുതിയ തീരുമാനം വ്യക്തമാക്കുന്നത്. ദുബൈ വിമാനത്താവളത്തില്‍ തനിച്ച് യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക ലെവി ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് അധിക തുക ഈടാക്കുന്നതെന്ന് സര്‍ക്കുലര്‍ പറയുന്നു. ഓരോ യാത്രക്കും 165 ദിര്‍ഹം ഈടാക്കുന്നതിനാല്‍ നാട്ടില്‍ പോയി മടങ്ങിവരുന്നതിന് ഒരു കുട്ടിക്ക് 330 ദിര്‍ഹം അഥവാ 6300ഓളം ഇന്ത്യന്‍ രൂപ ടിക്കറ്റ് നിരക്കിന് പുറമേ അധികം നല്‍കേണ്ടി വരും.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സിറ്റി എയര്‍പോര്‍ട്ട് ഓഫിസുകളില്‍ നിന്ന് മാത്രമേ കുട്ടികളെ തനിച്ച് അയക്കാനുള്ള ടിക്കറ്റ് ഇഷ്യൂ ചെയ്യൂ. നേരത്തേ ട്രാവല്‍ ഏജന്‍സി, വെബ്‍സൈറ്റ് എന്നിവ വഴി ബുക്ക് ചെയ്തവര്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്ത് സിറ്റി എയര്‍പോര്‍ട്ട് ഓഫിസുകള്‍ വഴി ടിക്കറ്റെടുക്കണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. 5 വയസിനും 12 വയസിനുമിടക്ക് പ്രായമുള്ള കുട്ടികളെ തനിച്ച് അയക്കുമ്പോഴാണ് ഈ മാറ്റം ബാധകമാവുക.