
ഇസ്രായേല്‍ പൗരന്‍മാര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് തുടരും
|പ്രത്യേക സാഹചര്യങ്ങളില്‍ സൗദിയിലേക്ക് പോകുന്നതിന് പൗരന്‍മാരെ അനുവദിക്കുന്ന തീരുമാനം ഇസ്രയേല്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്ഥാവന
ഇസ്രായേല്‍ പൗരന്‍മാര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് തുടരുമെന്ന് സൗദി വിദേശകാര്യ മന്ത്രി. പ്രത്യേക സാഹചര്യങ്ങളില്‍ സൗദിയിലേക്ക് പോകുന്നതിന് പൗരന്‍മാരെ അനുവദിക്കുന്ന തീരുമാനം ഇസ്രയേല്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്ഥാവന. വിദേശ കാര്യ മന്ത്രിയാണ് സൗദിയുടെ നിലപാട് വ്യക്തമാക്കിയത്
ഇസ്രായേല്‍ ബന്ധം ഫലസ്തീന്‍ സമാധാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ഇസ്രായേല്‍ പാസ്‌പോര്‍ട്ടിലുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് നിലവില്‍ വിലക്കുണ്ട്. വിലക്ക് അതേപടി ഇനിയും തുടരുമെന്ന് വിദേശ കാര്യ വകുപ്പ് മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. പ്രത്യേക സാഹചര്യങ്ങളില്‍ സൗദിയിലേക്ക് പോകുന്നതിന് പൗരന്‍മാരെ അനുവദിക്കുന്ന തീരുമാനം ഇസ്രയേല്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. സൗദിയുടെ ഇസ്രായേല്‍ നയത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലുമായുള്ള സൗദിയുടെ ബന്ധം ഫലസ്തീനുമായി സമാധാന കരാറില്‍ ഒപ്പ് വെക്കുന്നതിനെ ആശ്രയിച്ചായിരിക്കുമെന്നും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് സമാധാന പരമായ പരിഹാരം കാണുന്നതിനെ സൗദി പ്രോല്‍സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമാനുസൃതമായ എല്ലാ അവകാശങ്ങളും ഫലസ്തീനികള്‍ക്ക് ലഭ്യമാക്കി പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പരിഹാരമുണ്ടാവുക എന്നതാണ് സൗദിക്ക് പ്രധാനം. ഈ ലക്ഷ്യത്തോടെ നടത്തുന്ന എല്ലാ ശ്രമങ്ങളെയും സൗദി പിന്തുണക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഹജ്ജ്, ഉംറ നിര്‍വ്വഹിക്കുന്നതിനും, വ്യാവസായിക കൂടിക്കാഴ്ചകള്‍ നടത്തുന്നതിനും സൗദിയിലേക്ക് പോകാന്‍ പൗരന്‍മാരെ അനുവദിക്കുന്ന തീരുമാനം ഇസ്രായേല്‍ ആഭ്യന്തര മന്ത്രാലയമാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.