< Back
Gulf
കോവിഡ് പ്രതിസന്ധി; ബഹ്റൈനില്‍ സാമ്പത്തിക പാക്കേജുകൾ തുടരും
Gulf

കോവിഡ് പ്രതിസന്ധി; ബഹ്റൈനില്‍ സാമ്പത്തിക പാക്കേജുകൾ തുടരും

Web Desk
|
1 Jun 2021 7:37 AM IST

കോവിഡ് കാരണം വ്യാപാര വ്യാവസായിക മേഖലകളിലുണ്ടായ പ്രതിസന്ധി തരണം ചെയ്യാൻ പാക്കേജുകൾ തുടരുന്നത് വഴി സാധിക്കുമെന്ന് കാബിനറ്റ് യോഗം വിലയിരുത്തി.

കോവിഡ് പ്രതിസന്ധി നേരിടാൻ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജുകൾ തുടരാൻ ബഹ്റൈൻ മന്ത്രിസഭ യോഗത്തിന്റെ തീരുമാനം. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നൽകിയ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കാബിനറ്റ് യോഗത്തിന്‍റെ തീരുമാനം.

കോവിഡ് കാരണം വ്യാപാര വ്യാവസായിക മേഖലകളിലുണ്ടായ പ്രതിസന്ധി തരണം ചെയ്യാൻ പാക്കേജുകൾ തുടരുന്നത് വഴി സാധിക്കുമെന്ന് കാബിനറ്റ് യോഗം വിലയിരുത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ കീഴിലുള്ള കോവിഡ് പ്രതിരോധ സമിതിയുടെ പ്രവർത്തനങ്ങളെ മന്ത്രിസഭ യോഗം അഭിനന്ദിക്കുകയും ചെയ്തു.

അതേസമയം, കോവിഡ് മാര്‍ഗനിർദേശങ്ങൾ ലംഘിച്ചതിന് 41 റെസ്റ്റോറന്‍റുകൾക്കും ഒരു കോഫിഷോപ്പിനുമെതിരെ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുജനാരോഗ്യ വകുപ്പ് വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയം, വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയം, ബഹ്റൈൻ എക്സിബിഷൻ അതോറിറ്റി എന്നിവയുമായി സഹകരിച്ച് നടത്തിയ പരിശോധനകളിലാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. 211 റെസ്റ്റോറന്‍റുകളിലും ഒരു കോഫി ഷോപ്പിലുമാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.

ബഹ്റൈനില്‍ 2458 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1091 പേര്‍ പ്രവാസികളാണ്. 2484 പേർക്ക് രോഗവിമുക്തി ലഭിച്ചു. 28758 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരിൽ 328 പേരുടെ ആരോഗ്യനില ഗുരുതരമാണ്.

Related Tags :
Similar Posts