
സൗദിയിൽ തൊഴിൽ തർക്ക കേസുകൾ പകുതിയായി കുറഞ്ഞു
|തൊഴിൽ നിയമത്തിൽ വരുത്തിയ പരിഷ്കാരങ്ങൾ കേസുകൾ കുറയാൻ കാരണമായി
സൗദിയിൽ തൊഴിൽ തർക്ക കേസുകൾ പകുതിയായി കുറഞ്ഞു. തൊഴിൽ നിയമത്തിൽ വരുത്തിയ പരിഷ്കാരങ്ങൾ കേസുകൾ കുറയാൻ കാരണമായി. ഇക്കഴിഞ്ഞ മാർച്ച് 14 മുതലാണ് സൗദിയിൽ ചരിത്രപരമായ മാറ്റങ്ങളോടെ പുതിയ തൊഴിൽ നിയമം പ്രാബല്യത്തിലായത്. ഒരു കോടിയിലേറെ വരുന്ന വിദേശികൾക്ക് ആശ്വാസകരമാകും വിധമാണ് തൊഴിൽ നിയമത്തിലെ പരിഷ്‌കാരങ്ങൾ.
തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തുകയും, തൊഴിൽ വിപണിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കലുമായിരുന്നു പുതിയ പരിഷ്‌കാരങ്ങളുടെ പ്രധാന ലക്ഷ്യം. ഇത് ലക്ഷ്യം കാണുന്നതായാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തൊഴിൽ തർക്കങ്ങളിൽ ഏറെയും ഫൈനൽ എക്‌സിറ്റ്, സ്‌പോൺസർഷിപ്പ് മാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ടതായിരുന്നു.
എന്നാൽ പുതിയ മാറ്റത്തോടെ ലേബർ കോടതികളിലെത്തുന്ന തൊഴിൽ കേസുകളുടെ എണ്ണം പകുതിയോളമായി കുറഞ്ഞതായി റിയാദ് ലേബർ കോടതി ചീഫ് ജസ്റ്റിസ് സുലൈമാൻ അൽ ദഅഫസ് വ്യക്തമാക്കി.
തൊഴിലാളികൾക്ക് മേൽ തൊഴിലുടമകൾക്കുണ്ടായിരുന്ന നിരവധി നിയന്ത്രണങ്ങളാണ് പുതിയ പരിഷ്‌കാരങ്ങളിലൂടെ എടുത്ത് കളഞ്ഞത്. കരാർ കാലാവധി അവസാനിച്ച തൊഴിലാളിക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ പുതിയ തൊഴിലിലേക്ക് മാറാൻ സാധിക്കുന്നതും, എക്‌സിറ്റ്-റീ എൻട്രി, സ്‌പോൺസർഷിപ്പ് മാറ്റം തുടങ്ങിയവ തൊഴിലാളിക്ക് തന്നെ നേരിട്ട് ചെയ്യാനാകുന്നതും പ്രധാന പരിഷ്‌കാരങ്ങളാണ്. ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കിയത്.