< Back
Saudi Arabia
സൗദിയുടെ എണ്ണ കയറ്റുമതിയില്‍ വന്‍ വര്‍ധനവ്
Saudi Arabia

സൗദിയുടെ എണ്ണ കയറ്റുമതിയില്‍ വന്‍ വര്‍ധനവ്

Web Desk
|
28 May 2021 6:54 AM IST

2020നെ അപേക്ഷിച്ച് എണ്ണ വിപണി വീണ്ടും കരുത്താര്‍ജിക്കുന്നതായി പോയ മാസങ്ങളിലെ കയറ്റുമതി വളര്‍ച്ച നിരക്ക് വ്യക്തമാക്കുന്നു

സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി വരുമാനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. കോവിഡ് പ്രതിസന്ധിയില്‍ ഇടിവുണ്ടായിരുന്ന എണ്ണ വിപണി വീണ്ടും സജീവമായതോടെയാണ് വരുമാനത്തില്‍ വര്‍ധനവുണ്ടായിരുന്നത്.

2020നെ അപേക്ഷിച്ച് എണ്ണ വിപണി വീണ്ടും കരുത്താര്‍ജിക്കുന്നതായി പോയ മാസങ്ങളിലെ കയറ്റുമതി വളര്‍ച്ച നിരക്ക് വ്യക്തമാക്കുന്നു. സൗദിയുടെ എണ്ണ കയറ്റുമതിയില്‍ എഴുപത്തിയഞ്ച് ശതമാനത്തോളം വളര്‍ച്ച രേഖപ്പെടുത്തിയതായാണ് കണക്കുകള്‍ പറയുന്നത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ട കണക്കുകളിലാണ് കയറ്റുമതി വരുമാനത്തില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം മാര്‍ച്ചില്‍ 52.3 ബില്യണ്‍ റിയാലിന്‍റെ എണ്ണ സൗദി അറേബ്യ കയറ്റി അയച്ചു. മുന്‍ വര്‍ഷം ഇത് 29.9 ബില്യണ്‍ റിയാലായിരുന്നിടത്തു നിന്നാണ് വര്‍ധനവ്.

കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ആഗോള എണ്ണ വിപണിയില്‍ നേരിട്ട വിലതകര്‍ച്ചയും ഉപഭോഗത്തിലെ കുറവുമാണ് വിപണിയെ അന്ന് സാരമായി ബാധിച്ചത്. എണ്ണ വിപണിയും കയറ്റുമതിയും വീണ്ടും സജീവമായതോടെ സൗദിയുടെ വിദേശ കയറ്റുമതി വരുമാനത്തിലും കാര്യമായ വര്‍ധനവ് രേഖപ്പെടുത്തി. രാജ്യത്തിന്‍റെ ആകെ കയറ്റുമതിയില്‍ എണ്ണ വിഹിതം വീണ്ടും എഴുപത് ശതമാനത്തിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 50 ശതമാനം വരെയായി ഇടിവ് രേഖപ്പെടുത്തിയിടത്തു നിന്നാണ് വീണ്ടും മെച്ചപ്പെട്ടത്. പോയ മാസം വിദേശ കയറ്റുമതി ഇനത്തില്‍ രാജ്യത്തിന് 124.1 ബില്യണ്‍ റിയാല്‍ വരുമാനം നേടി കൊടുത്തുതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

Related Tags :
Similar Posts