
ബോര്‍ഡിംഗ് പാസ് അനുവദിക്കാന്‍ തവക്കല്‍ന ആപ്ലിക്കേഷന്‍ പരിശോധന നിര്‍ബന്ധമാക്കി സൗദി
|കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.
സൗദിയില്‍ വിമാന യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസ് അനുവദിക്കുന്നതിന് തവക്കല്‍ന ആപ്ലിക്കേഷന്‍ പരിശോധന നിര്‍ബന്ധമാക്കി. സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന വിമാന കമ്പനികള്‍ക്ക് പുതിയ നിര്‍ദ്ദേശം നൽകിയത്. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.
വ്യക്തികളുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന തവക്കല്‍ന ആപ്ലിക്കേഷനില്‍ കോവിഡ് നെഗറ്റീവോ, പ്രതിരോധ ശേഷി ആര്‍ജിച്ചതോ ആയിരിക്കണം സ്റ്റാറ്റസ് എങ്കില്‍ മാത്രമേ ഇനി മുതല്‍ ബോര്‍ഡിംഗ് അനുവദിക്കുകയുള്ളൂ. നിയമം കഴിഞ്ഞ ദിവസം പ്രാബല്യത്തില്‍ വന്നതായും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
തവക്കല്‍നയില്‍ കോവിഡ് ബാധിച്ചതോ സംശയിക്കുന്നതോ ആയ അവസ്ഥയിലാണ് യാത്രകാരനെങ്കില്‍ യാത്ര മാറ്റിവയ്ക്കുകയോ ടിക്കറ്റ് റിസര്‍വേഷന്‍ ക്യാന്‍സല്‍ ചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യണമെന്നും അതോറിറ്റി വ്യക്തമാക്കി. കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പ്രത്യേക പരിശോധന ആരംഭിച്ചതിനുപുറമേയാണ് തവക്കല്‍ന ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് പരിശോധന കൂടി നിര്‍ബന്ധമാക്കിയത്.