< Back
Gulf
T.T Jaseem

അപകടത്തില്‍ മരിച്ച ജസീം

Gulf

പെരുന്നാള്‍ ദിനത്തില്‍ ഫോണില്‍ ഉമ്മയോട് സംസാരിച്ചുനില്‍ക്കുകയായിരുന്ന ജസീമിനെ പ്രിയപ്പെട്ടവര്‍ നോക്കിനില്‍ക്കെ മരണം കവര്‍ന്നെടുത്തു; സങ്കടക്കുറിപ്പുമായി അഷ്റഫ് താമരശ്ശേരി

Web Desk
|
25 April 2023 7:20 AM IST

ജസീമിന്‍റെ പ്രിയതമയും രണ്ടു പിഞ്ചു മക്കളും ഭാര്യയുടെ മാതാപിതാക്കളുടെയും മുന്നില്‍ വെച്ചായിരുന്നു ഈ ദാരുണമായ സംഭവം നടന്നത്

ദുബൈ: പെരുന്നാള്‍ ദിവസം പള്ളിയുടെ മുറ്റത്ത് നിന്ന് നാട്ടിലുള്ള മാതാവുമായി സംസാരിച്ചുകൊണ്ടിരിക്കെ വാഹനമിടിച്ചു മരിച്ച വളാഞ്ചേരി സ്വദേശി ടി.ടി ജസീമിന്‍റെ മൃതദേഹം നാട്ടിലേക്ക് അയച്ചു. ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയ വാഹനം ജസീമിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി പങ്കുവച്ച കുറിപ്പ് സോഷ്യല്‍മീഡിയയില്‍ നോവു പടര്‍ത്തി.

അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പ്

പെരുന്നാൾ സുദിനത്തിൽ സങ്കടക്കടൽ തീർത്ത് ജസീം യാത്രയായി. പെരുന്നാള്‍ സുദിനത്തില്‍ കുടുംബത്തോടൊപ്പം ഉമ്മുല്‍ ഖുവൈനിലെ ബന്ധുവീട്ടില്‍ പോയി വരികയായിരുന്നു വളാഞ്ചേരി എടയൂർ പൂക്കാട്ടിരി സ്വദേശി ടി.ടി ജസീം. വഴിയിലെ പള്ളിയില്‍ നിന്നും മഗിരിബ് നമസ്കാരവും കഴിഞ്ഞു പുറത്തിറങ്ങി പള്ളിയുടെ മുറ്റത്ത് നിന്ന് നാട്ടിലുള്ള തന്‍റെ മാതാവുമായി ഫോണില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്നു ദുബൈയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജസീം. ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയ ഒരു വാഹനം ഈ യുവാവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഫോണിന്‍റെ അങ്ങേ തലക്കല്‍ സംസാരിച്ചിരുന്ന ജസീമിന്‍റെ മാതാവിന് എന്ത് ആപത്താണ് തന്‍റെ മകന് സംഭവിച്ചതെന്ന് മനസ്സിലായില്ല. ജസീമിന്‍റെ പ്രിയതമയും രണ്ടു പിഞ്ചു മക്കളും ഭാര്യയുടെ മാതാപിതാക്കളുടെയും മുന്നില്‍ വെച്ചായിരുന്നു ഈ ദാരുണമായ സംഭവം നടന്നത്. എത്രയും പെട്ടന്ന് തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അത്രയും നേരം കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന ജസീം ഈ ലോകത്ത് നിന്ന് യാത്രയായി. പെരുന്നാളിന്‍റെ സന്തോഷങ്ങള്‍ സങ്കടത്തിലേക്ക് വഴിമാറി. റിട്ട. ഡിവൈ.എസ്.പി ടി.ടി. അബ്ദുൽ ജബ്ബാറിന്‍റെയും റംലയുടെയും ഏക മകനാണ് ജസീം. ജസീമിന്‍റെ നാട്ടുകാരുടേയും കൂട്ടുകാരുടെയും സഹകരണത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. മയ്യിത്ത് ഇന്ന് നാട്ടിലേക്ക് അയച്ചു.

താങ്കളുടെ വിയോഗം പ്രിയപ്പെട്ടവരെ എത്രമാത്രം സങ്കടപ്പെടുത്തുന്നു എന്ന് അവിടെ കൂടിയ അവരുടെ മുഖങ്ങളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു. അപകട വിവരം അറിഞ്ഞു പ്രാര്‍ഥനകള്‍ കൊണ്ട് ആശ്വാസം ചൊരിയാന്‍ ഓടിയെത്തി പ്രിയ സയ്യിദ് മുനവ്വറലി ശിഹബ് തങ്ങള്‍ . റമദാന്‍ മാസത്തിലെ നോമ്പുകള്‍ പൂര്‍ത്തീകരിച്ച്, പെരുന്നാളും കൂടി, മഗിരിബ് നമസ്കാരത്തില്‍ നിന്നിറങ്ങി മരണത്തിലേക്ക് പോയ്മറഞ്ഞ പ്രിയ ജസീം താങ്കള്‍ക്ക് പടച്ച തമ്പുരാന്‍ ജന്നാത്തുല്‍ ഫിര്‍ദൗസ് നല്‍കി അനുഗ്രഹിക്കട്ടെ...

Similar Posts