< Back
Bahrain
കൊടും വേനലിന് വിട; ബഹ്‌റൈനിൽ നാളെ മുതൽ ശരത്കാലം ആരംഭിക്കും
Bahrain

കൊടും വേനലിന് വിട; ബഹ്‌റൈനിൽ നാളെ മുതൽ ശരത്കാലം ആരംഭിക്കും

Web Desk
|
21 Sept 2025 7:46 PM IST

ശക്തമായ ശൈത്യം അനുഭവപ്പെടാൻ ഒക്ടോബർ പകുതി വരെ കാത്തിരിക്കേണ്ടി വരും

മനാമ: മൂന്ന് മാസത്തിലധികം നീണ്ടുനിന്ന കടുത്ത വേനൽക്കാലത്തിന് ബഹ്‌റൈനിൽ അവസാനമാകുകയാണ്. നാളെ രാത്രിയോടെ രാജ്യത്ത് ശരത്കാലം ഔദ്യോഗികമായി ആരംഭിക്കും. തണുപ്പിലേക്കുള്ള മാറ്റം ക്രമേണയായിരിക്കുമെന്നതിനാൽ ശക്തമായ ശൈത്യം അനുഭവപ്പെടാൻ ഒക്ടോബർ പകുതി വരെ കാത്തിരിക്കേണ്ടി വരും. 93 ദിവസവും 15 മണിക്കൂറും നീണ്ട ഏറ്റവും ദൈർഘ്യമേറിയ വേനൽക്കാലത്തിനാണ് ബഹ്‌റൈൻ വിട പറയുന്നത്. സെപ്റ്റംബർ 22 രാത്രിയോടെ ബഹ്‌റൈനിൽ ഔദ്യോഗികമായി ശരത്കാലം ആരംഭിക്കും. ചുട്ടുപൊള്ളുന്ന ചൂടിന്റെ പിടിയിൽ നിന്ന് രാജ്യം അങ്ങനെ പതിയെ തണുപ്പിലേക്ക് കടക്കും.

ജ്യോതിശാസ്ത്രജ്ഞർ പറയുന്നതനുസരിച്ച് സെപ്റ്റംബർ 22 തിങ്കളാഴ്ച രാത്രി 9.19ന് ശരത്കാലം ആരംഭിക്കും. ഇത് 89 ദിവസവും 20 മണിക്കൂറും നീളുമെന്നാണ് റിപ്പോർട്ട്. പകൽ താപനില ക്രമേണ 35 ഡിഗ്രി സെൽഷ്യസ് വരെ താഴുകയും രാത്രിയിൽ അത് 27 ഡിഗ്രി സെൽഷ്യസിന് താഴെയുമെത്തും. ഇതിനുപുറമേ ഗൾഫ് നാടുകളിലെ പ്രധാന വില്ലനായ ഹ്യുമിഡിറ്റിയുടെ തോതും 70 ശതമാനത്തിൽ താഴെ എത്തും.

വേനലിൽനിന്ന് തണുപ്പ് കാലത്തിലേക്കുള്ള മാറ്റം ക്രമേണയായിരിക്കും. അതിനാൽ തന്നെ പെട്ടെന്നൊരു ദിവസം കൊണ്ട് കാലാവസ്ഥാ മാറ്റം ആളുകൾക്ക് അനുഭവപ്പെടില്ല. എന്നിരുന്നാലും കുട്ടികളിലും പ്രായമായവരിലും കാലാവസ്ഥാ മാറ്റം മൂലമുള്ള അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഒക്ടോബർ അവസാനത്തോടെയാകും ബഹ്‌റൈനിൽ രാത്രിയിലെ തണുപ്പ് കഠിനമായി അനുഭവപ്പെടുക. നവംബർ ആകുന്നതോടെ പകൽ സമയത്തെ താപനിലയും ഗണ്യമായി കുറഞ്ഞ് രാജ്യം കൂടുതൽ തണുപ്പിലേക്ക് കടക്കും.

Related Tags :
Similar Posts