< Back
Bahrain
ബഹ്റൈനില്‍ അതിവേഗ മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ടത്തിന് അനുമതി
Bahrain

ബഹ്റൈനില്‍ അതിവേഗ മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ടത്തിന് അനുമതി

Web Desk
|
23 Oct 2021 1:00 AM IST

ആദ്യഘട്ടത്തില്‍ രണ്ട് പാതകളിലായി 20 സ്റ്റേഷനുകളും രണ്ട് ഇന്റര്‍ചേഞ്ചുകളും സഹിതം 28 കിലോമീറ്റര്‍ നീളത്തിലാണ് പദ്ധതി നടപ്പാക്കുക.

ബഹ്റൈനില്‍ അതിവേഗ മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ടത്തിന് അനുമതി. പൊതു മേഖലയുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തത്തോടെയാണ് രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതി നടപ്പാക്കുക. 109 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ രാജ്യത്തെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നടപ്പിലാക്കുന്ന മെട്രോ ശൃംഖലയുടെ ആദ്യ ഘട്ട നിര്‍മാണത്തിനാണ്‌ അനുമതി ലഭിച്ചത്.

അത്യന്താധുനിക സൗകര്യങ്ങളോടെ ഒരുക്കുന്ന സ്വപ്ന പദ്ധതിയായ ബഹ്‌റൈന്‍ മെട്രോയുടെ ആദ്യഘട്ടത്തിനു അനുമതി ലഭിച്ച കാര്യം ഗതാഗത വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി കമാല്‍ ബിന്‍ അഹ്‌മദ് മുഹമ്മദാണ് പ്രഖ്യാപിച്ചത്. അതിവേഗ ഗതാഗത സൗകര്യമൊരുക്കുന്ന മെട്രോ പദ്ധതി രാജ്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായക നാഴികക്കല്ലാണെന്ന് മന്ത്രി പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ രണ്ട് പാതകളിലായി 20 സ്റ്റേഷനുകളും രണ്ട് ഇന്റര്‍ചേഞ്ചുകളും സഹിതം 28 കിലോമീറ്റര്‍ നീളത്തിലാണ് പദ്ധതി നടപ്പാക്കുക. ഈ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ മാര്‍ക്കറ്റ് കണ്‍സള്‍ട്ടഷന്‍ പരിപാടിയില്‍ പദ്ധതിക്ക് മികച്ച സ്വീകാര്യത ലഭിച്ചതിനെത്തുടര്‍ന്നാണ് ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്.

രണ്ട് ഘട്ടങ്ങളിലായി നവംബറില്‍ ആരംഭിക്കുന്ന ആഗോള ടെന്‍ഡറിലൂടെ നിര്‍മാണ കമ്പനിയെ നിശ്ചയിക്കും. മെട്രോ ഇടനാഴിക്കും അനുബന്ധ ഡിപ്പോകള്‍ക്കും ആവശ്യമായ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തുകഴിഞ്ഞു.ആദ്യ വര്‍ഷങ്ങളില്‍ പ്രതിദിനം രണ്ടുലക്ഷം പേര്‍ മെട്രോയില്‍ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്യന്താധുനിക സൗകര്യങ്ങളോടെ നടപ്പാക്കുന്ന പദ്ധതി ബഹ്റൈനിലെ പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കുമെന്നാണ് അധിക്യതരുടെ കണക്ക് കൂട്ടല്‍.

Related Tags :
Similar Posts