< Back
Bahrain
പ്രവാസികളുടെ പ്രിയ രാജ്യം: ജി.സി.സിയിൽ ബഹ്‌റൈൻ ഒന്നാമത്
Bahrain

പ്രവാസികളുടെ പ്രിയ രാജ്യം: ജി.സി.സിയിൽ ബഹ്‌റൈൻ ഒന്നാമത്

Web Desk
|
13 July 2023 12:52 AM IST

171 രാജ്യങ്ങളിൽ നിന്നായി 12,000 ത്തിലധികം പേരാണ് സർവേയിൽ പങ്കാളികളായത്.

പ്രവാസികളുടെ ഇഷ്ടരാജ്യമായി ജി.സി.സി രാജ്യങ്ങളിൽ വീണ്ടും ബഹ് റൈൻ മുൻനിരയിൽ. ഇന്‍റർനാഷൻസ് പ്രസിദ്ധീകരിച്ച ഈ വർഷത്തെ എക്സ്പാറ്റ് ഇൻസൈഡർ സർവേയിലാണ് പ്രവാസികളുടെ പ്രിയ രാജ്യമായി ബഹ്റൈൻ മേഖലയിൽ ഒന്നാം സ്ഥാനം നിലനിർത്തിയത്.

തുടർച്ചയായ രണ്ടാം വർഷവും ബഹ്റൈൻ സ്ഥാനം നിലനിർത്തി. ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യമായി ബഹ്റൈനെ സർവേയിൽ പങ്കെടുത്ത പ്രവാസികൾ തെരഞ്ഞെടുത്തതോടെയാണു റാങ്കിങിൽ രാജ്യം വീണ്ടും മുൻനിരയിലെത്തിയത്.

ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന സേവനങ്ങൾ സുരക്ഷിതമായും എളുപ്പത്തിലും ലഭിക്കുന്നതിലും, ഭരണകൂടത്തിൽ നിന്നും ലഭിക്കേണ്ട സേവനങ്ങൾ ലഭിക്കുന്നതിലും രാജ്യം മുന്നിലാണെന്ന് 86 ശതമാനം പേർ അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ എളുപ്പത്തിൽ സാധിക്കുമെന്നും അധികാരികളുമായി ഇടപെടുന്നതിൽ പ്രവാസികൾക്ക് ആഗോള തലത്തിലുള്ള ശരിശരിയേക്കാൾ അനായാസമായ സൗകര്യങ്ങളാണു രാജ്യത്തുള്ളതെന്നും സർവേ വിലയിരുത്തി.

സുസ്ഥിതിയിൽ ആഗോള ശരാശരിയേക്കാൾ മികവ് പുലർത്തുന്നതോടൊപ്പം പ്രാദേശിക ഭാഷ അറിയാത്തതിന്‍റെ തടസ്സങ്ങൾ നിത്യജീവിതത്തിൽ ഒരു നിലക്കും പ്രയാസം സൃഷ്ടിക്കുന്നില്ലെന്നും വോട്ടിംഗ് നില വ്യക്തമാക്കുന്നു. പരിഷ്കരണത്തോടുള്ള ആഭിമുഖ്യവും കൂടുതൽ സാമൂഹികമായി പ്രവാസികൾക്ക് കൂടുതൽ സൗഹൃദങ്ങളുണ്ടാക്കുവാൻ കഴിയുന്ന സാഹചര്യവും നിക്ഷേപകരോടുള്ള സൗഹ്യദ സമീപനവും മെച്ചപ്പെട്ട ഘടകങ്ങളായി സർവെ വിലയിരുത്തി. ആഗോള റാങ്കിംഗിൽ ഒമ്പതാം സ്ഥാനം ബഹ്റൈൻ നേടിയപ്പോൾ യു.എ. ഇ യും ഒമാനുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിലെത്തിയത്. 171 രാജ്യങ്ങളിൽ നിന്നായി 12,000 ത്തിലധികം പേരാണ് സർവേയിൽ പങ്കാളികളായത്.

Similar Posts