< Back
Bahrain
GCC summit shares message of Gulf unity; Announcements to strengthen cooperation
Bahrain

ഗൾഫ് ഐക്യത്തിന്റെ സന്ദേശം പങ്കുവെച്ച് ജി.സി.സി ഉച്ചകോടി; സഹകരണം ശക്തിപ്പെടുത്താൻ പ്രഖ്യാപനങ്ങൾ

Web Desk
|
3 Dec 2025 10:01 PM IST

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം വേണമെന്ന നിലപാടിൽ ഉറച്ച് ​ഗൾഫ് രാജ്യങ്ങൾ

മനാമ: ഗൾഫ് ഐക്യത്തിന്റെ സന്ദേശം പങ്കുവെച്ചുകൊണ്ടാണ് ബഹ്റൈനിൽ 46ാമത് ജിസിസി ഉച്ചകോടി ആരംഭിച്ചത്. അം​ഗരാജ്യങ്ങളുടെ രാഷ്ട്ര നേതാക്കളും പ്രതിനിധികളും ഉച്ചകോടിയുടെ ഭാ​ഗമായി. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ചു. ജിസിസി രാജ്യങ്ങളുടെ രാഷ്ട്രീയ സ്ഥിരത, സാമ്പത്തിക അഭിവൃദ്ധി, സുരക്ഷാ സഹകരണം എന്നിവയും രാജ്യങ്ങളുടെ ദേശീയ പരമാധികാരം സംരക്ഷിക്കുക എന്നതിലും ഊന്നിയാണ് ഉച്ചകോടി നടന്നത്.

ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ഏകീകരണം വേഗത്തിലാക്കി പൂർണ സാമ്പത്തിക ഐക്യം കൈവരിക്കുക, അംഗരാജ്യങ്ങൾക്കിടയിലെ നിക്ഷേപ-വ്യാപാര സഹകരണങ്ങൾ വിപുലപ്പെടുത്തുക, ഗൾഫ് മേഖല നേരിടുന്ന സുരക്ഷാ വെല്ലുവിളികൾക്ക് സംയുക്തമായി പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുക, അംഗരാജ്യങ്ങൾ തമ്മിലുള്ള സൈനിക-സുരക്ഷാ സഹകരണം വർധിപ്പിക്കൽ എന്നിവ ഉച്ചകോടിയുടെ പ്രധാന ചര്‍ച്ചാവിഷയങ്ങളായി.

ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്, സൗദി കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാൻ, കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, യു.എ.ഇ വൈസ് പ്രസിഡന്‍റും ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്​യാനും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനി എന്നീ നേതാക്കളും ഉച്ചകോടിയിൽ പങ്കെടുത്തു. ഉച്ചകോടിയിൽ പ്രത്യേക അതിഥിയായി ഇറ്റാലിയൻ പ്രസിഡന്‍റ് ജോർജ് മെലോണിയും സന്നിഹിതയായിരുന്നു.

മുൻ ഉച്ചകോടികളിലേതുപോലെ തന്നെ ഫലസ്തീൻ വിഷയം ഇത്തവണയും ഉച്ചകോടിയിലെ പ്രധാന ചർച്ചയായി. ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കണമെന്നും കടുത്ത മനുഷ്യാവകാശ ലംഘനമാണ് അവിടെ നടക്കുന്നതെന്നും ഉച്ചകോടി ചൂണ്ടിക്കാട്ടി. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം വേണമെന്ന നിലപാടിൽ ​ഗൾഫ് രാജ്യങ്ങൾ പൂർണമായും ഉറച്ചുനിന്നു. മേഖലയിലെ സംഘർഷം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ​ഗൾഫ് സഹകരണ കൗൺസിൽ ആവർത്തിച്ചു. വർഷങ്ങളായി തുടരുന്ന ഈ അസ്ഥിരത അവസാനിപ്പിക്കാൻ ​ഗസ്സ സമാധാന പദ്ധതി നടപ്പിലാക്കണമെന്നും ഉച്ചകോടിയിൽ അം​ഗരാജ്യങ്ങൾ ചൂണ്ടിക്കാട്ടി.

ഖത്തറിനെതിരെ ഇറാനും ഇസ്രായേലും നടത്തിയ ആക്രമണത്തെ ​ഗൾഫ് സമ്മിറ്റിൽ അം​ഗരാജ്യങ്ങൾ ശക്തമായി അപലപിച്ചു. ഗസ്സയിലെ സമാധാനം പുനസ്ഥാപിക്കാനായി മധ്യസ്ഥ ചർച്ച നടത്തിവരുന്നതിനിടെയാണ് ഇസ്രായേൽ ഇറാനിൽ മിസൈൽ ആക്രമണം നടത്തുന്നത്. ഇത് ഒരു തരത്തിലും അം​ഗീകരിക്കാനാവുന്നതല്ല. ഒരു ഗൾഫ് രാഷ്ട്രത്തിനെതിരായി നടത്തുന്ന ആക്രമണം, മുഴുവൻ ജിസിസി രാജ്യങ്ങളേയും വെല്ലുവിളിക്കുന്നതാണെന്നും മുഴുവൻ ​ഗൾഫ് രാജ്യങ്ങളേയും ആക്രമിക്കുന്നതിന് തുല്യമാണെന്നും കുവൈത്ത് അമീർ വ്യക്തമാക്കി. ​

​ഗൾഫ് സഹകരണ കൗൺസിലിന്റെ ഈ കാലയളവിലെ പ്രധാന നേട്ടങ്ങൾ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി അവതരിപ്പിച്ചു. റിയാദിൽ വെച്ചുനടന്ന ജിസിസി- യുഎസ് ഉച്ചകോടി , സൈനിക പ്രതിരോധ രം​ഗത്തെ ​ഗൾഫ് രാജ്യങ്ങളുടെ സഹകരണം, ​കള്ളപ്പണം തടയുന്നതിൽ ​ഗൾഫ് രാജ്യങ്ങൾ ഒരുമിച്ച് നടപ്പിലാക്കിയ ശക്തമായ നടപടികൾ തുടങ്ങിയവയാണ് ജിസിസയുടെ പ്രധാന നേട്ടങ്ങളായി അവതരിപ്പിച്ചത്.

ഗൾഫ് മേഖലയിലെ സാമ്പത്തിക ഏകീകരണമാണ് ഉച്ചകോടി മുന്നോട്ടുവെച്ച പ്രധാന പ്രഖ്യാപനം. ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക ബന്ധങ്ങളും വ്യാപാരനയങ്ങളും കൂടുതൽ ഏകീകരിക്കാൻ പുതിയ പദ്ധതികളുണ്ടാകും. ഗൾഫ് രാജ്യങ്ങൾക്കിടയിലെ വ്യോമയാന മേഖലയിൽ സിം​ഗിൾ പോയിന്റ് പദ്ധതി നടപ്പിലാക്കും. രാജ്യത്തെ ജനങ്ങൾക്ക് സുരക്ഷിതവും സ്ഥൈര്യവുമായ ജീവിതം ഉറപ്പാക്കും.​ ​ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഏകീകൃത നിയന്ത്രണങ്ങൾക്കായുള്ള നിയമനിർമാണ കരടുകൾ തയ്യാറാക്കും

Similar Posts