< Back
Bahrain
കോവിഡ് വകഭേദങ്ങൾക്കെതിരെ പ്രതിരോധം; ഫൈസർ എക്‌സ്.ബി.ബി 1.5 ഇനി ബഹ് റൈനിൽ ലഭ്യം
Bahrain

കോവിഡ് വകഭേദങ്ങൾക്കെതിരെ പ്രതിരോധം; ഫൈസർ എക്‌സ്.ബി.ബി 1.5 ഇനി ബഹ് റൈനിൽ ലഭ്യം

Web Desk
|
24 Dec 2023 11:31 PM IST

ഫൈസർ എക്സ്.ബി.ബി 1.5 വാക്സിൻ ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈൻ

മനാമ: കോവിഡ്-19നും അതിന്റെ പുതിയ വകഭേദങ്ങൾക്കും എതിരെ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ഫൈസർ വാക്സിൻ ബൂസ്റ്റർഡോസ് ഇനി ബഹ് റൈനിലും. ഫൈസർ എക്സ്.ബി.ബി 1.5 വാക്സിൻ ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈൻ.

ഫൈസർ ബയോൻടെക് ബൂസ്റ്റർ ഷോട്ട് ആയ ഫൈസർ എക്സ്.ബി.ബി 1.5 വാക്‌സിനുകൾ രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാക്കിയതായി ആരോഗ്യ മന്ത്രാലയമാണറിയിച്ചത്. വാക്സിൻ ബൂസ്റ്റർഡോസ് എടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂർ ഓൺലൈൻ രജിസ്‌ട്രേഷൻ ഇല്ലാതെതന്നെ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് അപ്പോയ്ന്റ്‌മെന്റ് എടുക്കാം.പൗരന്മാർക്കും താമസക്കാർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

പുതിയ ബൂസ്റ്റർ വാക്സിനേഷൻ എടുക്കേണ്ടത് ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും കൊറോണ വൈറസിൽ നിന്നും അതിന്റെ മ്യൂട്ടേഷനുകളിലും വേരിയന്റുകളിലും നിന്ന് സംരക്ഷണം ലഭിക്കേണ്ടതിനും അത്യാവശ്യമാണെന്ന് പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. മുഹമ്മദ് അൽ അൽ ഇവദി പറഞ്ഞു.വാക്സിനേഷനും ബൂസ്റ്റർ ഡോസുകൾക്കുമുള്ള ഏറ്റവും പുതിയ നിർദേശങ്ങളും പ്രോട്ടോകോളുകളും അപ്‌ഡേറ്റ് ചെയ്യുന്നതിന് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ആയ healthalerts.gov.bh സന്ദർശിക്കാൻ അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

12ന് മുകളിൽ പ്രായമുള്ളവർക്ക് ബാങ്ക് ഓഫ് ബഹ്‌റൈൻ, കുവൈത്ത് ഹെൽത്ത് സെന്റർ ഹിദ്ദ്, ജിദാഫ്സ് ഹെൽത്ത് സെന്റർ, സിത്ര ഹെൽത്ത് സെന്റർ, യൂസഫ് എൻജിനീയർ ഹെൽത്ത് സെന്റർ, മുഹമ്മദ് ജാസിം കാനൂ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ രാവിലെ 7.30നും വൈകീട്ട് ഏഴിനും ഇടയിൽ നൽകും.

ഹലാത് ബു മഹർ ഹെൽത്ത് സെന്റർ, ഹമദ് കാനൂ ഹെൽത്ത് സെന്റർ, ഷെയ്ഖ് ജാബർ അൽ അഹമ്മദ് അൽ സബാഹ് ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ ഡിസംബർ 27 മുതൽ 5നും 11നും ഇടയിൽ പ്രായമുള്ളവർക്ക് പുതിയ വാക്സിൻ എടുക്കാൻ സാധിക്കും.

Related Tags :
Similar Posts