< Back
Bahrain
ബഹ്‌റൈനിൽ സ്വതന്ത്ര തൊഴിലാളികൾക്ക് വേതന നഷ്ടപരിഹാര ഇ​ൻ​ഷു​റ​ൻ​സ്; നിർദേശവുമായി എം.പിമാർ
Bahrain

'ബഹ്‌റൈനിൽ സ്വതന്ത്ര തൊഴിലാളികൾക്ക് വേതന നഷ്ടപരിഹാര ഇ​ൻ​ഷു​റ​ൻ​സ്'; നിർദേശവുമായി എം.പിമാർ

Web Desk
|
10 Jun 2025 10:18 PM IST

നടപ്പിലായാൽ 60 ശ​ത​മാ​നം​ വ​രെ വേ​ത​ന ന​ഷ്ട​പ​രിഹാരം ലഭിക്കും

മനാമ: ബഹ്‌റൈനിൽ സ്വതന്ത്ര്യ തൊഴിലാളികൾക്ക് വേതന നഷ്ടപരിഹാര ഇൻഷുറൻസ് അനുവദിക്കാനുള്ള നിയമനിർമാണത്തിന് നീക്കം. പാർലമെന്റംഗങ്ങളാണ് നിയമനിർമാണത്തിനായുള്ള നിർദേശം മുന്നോട്ടുവെച്ചത്. സ്വയം തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്കും ഫ്രീലാൻസർമാർക്കും വേതന ഇൻഷൂറൻസിന് അർഹത ലഭിക്കാനുള്ള നിയമനിർമാണമാണ് പുതിയ നിർദേശത്തിലൂടെ ഉദ്ദേശിക്കുന്നത്. വേതന നഷ്ടപരിഹാര ഇൻഷുറൻസെന്നത് നിർബന്ധമല്ലാത്ത, എന്നാൽ താൽപര്യമുള്ളവർക്ക് സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുത്ത് ചേരാവുന്ന ഒരു ഇൻഷുറൻസ് പദ്ധതിയാണിത്. ഈ പദ്ധതി നടപ്പിലായാൽ സ്വതന്ത്ര തൊഴിലാളികൾക്ക് 60 ശതമാനം വരെ വേതന നഷ്ടപരിഹാരമായി അനുവദിക്കും.

ജോലിക്ക് പോകാൻ കഴിയാതെ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിൽ അവധിയെടുക്കേണ്ടിവരുന്ന സ്വതന്ത്ര തൊഴിലാളികൾക്ക് സാമ്പത്തിക സഹായം അനുവദിക്കുക എന്നതാണ് നിർദേശത്തിൻറെ ലക്ഷ്യം. പദ്ധതി പ്രകാരം ഇത്തരം ഇൻഷുറൻസ് പോളിസിയിൽ ചേരുന്നവർക്ക് പ്രതിമാസ വേതനത്തിൻറ 60 ശതമാനം വരെയോ അല്ലെങ്കിൽ പരമാവധി തുകയായ 1000 ദിനാർ വരെയോ ആണ് ലഭിക്കുക. ഔദ്യോഗിക മെഡിക്കൽ റിപ്പോർട്ടുകൾ രേഖയായി സ്വീകരിച്ച് സുഖം പ്രാപിക്കുന്നത് വരെ ഇൻഷുറൻസ് ലഭിക്കാൻ തൊഴിലാളികൾക്ക് അർഹതയുണ്ടായിരിക്കും.

ടാക്‌സി ഡ്രൈവർമാർ, ഡ്രൈവിങ് ഇൻസ്ട്രക്ടർമാർ, ടൂറിസ്റ്റ് ബസ് ഡ്രൈവർമാർ, മത്സ്യത്തൊഴിലാളികൾ, ചെറുകിട, ഇടത്തരം വാണിജ്യ സംരംഭങ്ങളുടെ ഉടമകൾ എന്നിവർ ഇതിൽ ഉൾപ്പെടുമെന്ന് പാർലമെന്റംഗം അൽ മഹ്ഫൂദ് പറഞ്ഞു. പൊതുമേഖലയിലോ സ്വകാര്യ മേഖലയിലോ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് ലഭിക്കുന്ന തരത്തിലുള്ള വേതന സുരക്ഷ ഇത്തരക്കാർക്ക് ലഭിക്കുന്നില്ല. അവരുടെ വരുമാനം ജോലി ചെയ്യാനുള്ള അവരുടെ ശേഷി പോലെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ സ്വതന്ത്യ തൊഴിലാളികൾക്ക് രോഗമോ മറ്റ് അടിയന്തര സാഹചര്യമോ ഉണ്ടായാൽ വരുമാനം നിലക്കുന്ന അവസ്ഥയുണ്ടാകും. കഠിനാധ്വാനികളായ ഇത്തരം ആളുകളെ പിന്തുണക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേതന നഷ്ടപരിഹാര ഇൻഷുറൻസിനായുള്ള നിർദേശം പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം നിർദേശം പുനഃപരിശോധനക്കായി സേവനസമിതിക്ക് അയച്ചിട്ടുണ്ട്.

Related Tags :
Similar Posts