< Back
Bahrain
Bahrain: Shop owner fined 100,000 dinars and jailed for selling expired food
Bahrain

കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തു ഡേറ്റിൽ കൃത്രിമം കാട്ടി വിറ്റു; ബഹ്‌റൈനിൽ സ്ഥാപന ഉടമക്ക് ഒരു ലക്ഷം ദിനാർ പിഴയും മൂന്ന് വർഷം തടവും

Web Desk
|
25 Dec 2025 9:54 PM IST

രണ്ട് പ്രവാസി തൊഴിലാളികൾക്കും തടവ് ശിക്ഷ

മനാമ: ബഹ്‌റൈനിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കൾ ഡേറ്റിൽ കൃത്രിമം കാട്ടി വിറ്റ കേസിൽ സ്ഥാപന ഉടമക്ക് 1.01 ലക്ഷം ദിനാർ പിഴയും മൂന്ന് വർഷം തടവും. കേടായ ഭക്ഷ്യവസ്തുക്കൾ കൈവശം വച്ച് വിപണനം ചെയ്‌തെന്ന് തെളിഞ്ഞതോടെയാണ് ബഹ്‌റൈൻ ലോവർ ക്രിമിനൽ കോടതി വിധി പറഞ്ഞത്.

കേസിൽ പ്രതി ചേർക്കപ്പെട്ട രണ്ട് പ്രവാസി ജീവനക്കാരും ഇതോടൊപ്പം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവരിൽ ഒരാൾക്ക് രണ്ട് വർഷം തടവും അടുത്തയാൾക്ക് ഒരു വർഷം തടവുമാണ് വിധിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഈ രണ്ട് പ്രതികളേയും ബഹ്‌റൈനിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

സ്ഥാപന ഉടമയായ മുഖ്യപ്രതിയുടെ കമ്പനി ഗോഡൗണായിരുന്നു തട്ടിപ്പ് കേന്ദ്രം. കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഡേറ്റിൽ കൃത്രിമം കാട്ടി വീണ്ടും ബഹ്‌റൈൻ വിപണിയിലേക്ക് ഇറക്കുകയായിരുന്നു തട്ടിപ്പ് സംഘത്തിന്റെ രീതി. കമ്പനിയിലെ തന്നെ ഒരു ജീവനക്കാരന്റെ പരാതിയിലാണ് വാണിജ്യ മന്ത്രാലയം ഗോഡൗണിൽ പരിശോധന നടത്തുന്നതും തട്ടിപ്പ് കണ്ടെത്തുന്നതും.

കേടായതും കാലഹരണപ്പെട്ടതുമായ ഭക്ഷ്യവസ്തുക്കൾ കൈവശം വയ്ക്കുക, അവയുടെ കാലാവധി തീയതികൾ വ്യാജമായി മാറ്റി വിതരണം ചെയ്യുക, മതിയായ ലൈസൻസ് ഇല്ലാതെ സ്ഥാപനം പ്രവർത്തിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

Similar Posts