< Back
Bahrain
ബഹ്‌റൈനിൽ മൂന്ന് സ്വദേശികളുടെ മരണത്തിനിടയാക്കിയ വാഹനാപകടം;  പ്രതി മദ്യലഹരിയിലെന്ന് പ്രോസിക്യൂഷൻ
Bahrain

ബഹ്‌റൈനിൽ മൂന്ന് സ്വദേശികളുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പ്രതി മദ്യലഹരിയിലെന്ന് പ്രോസിക്യൂഷൻ

Web Desk
|
16 Jun 2025 8:39 PM IST

വാദം ജൂൺ 23ന് ആരംഭിക്കും

മനാമ: ബഹ്‌റൈനിൽ സ്വദേശി കുടുംബത്തിലെ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പ്രതിയെ ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യും. കേസിന്റെ ആദ്യവാദം ജൂൺ 23ന് നടക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

മെയ് 30ന് പുലർച്ചെയായിരുന്നു ബഹ്‌റൈനിലെ ശൈഖ് ഖലീഫ സൽമാൻ ഹൈവേയിൽ രാജ്യത്തെ കണ്ണീഴിലാഴ്ത്തിയ വാഹനാപകടം നടന്നത്. വീട്ടിലേക്ക് പോകുകയായിരുന്ന അഞ്ച് പേരടങ്ങുന്ന സ്വദേശി കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിപെട്ടത്. കുടുംബനാഥനായ അഹമ്മദ് ഇബ്രാഹിം ഭാര്യ ഫാത്തിമ അബ്ബാസ് എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഏഴു വയസ്സുള്ള ഇളയ മകൻ അബ്ദുൽ അസീസ് ചികിത്സയ്ക്കിടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചത്. മദ്യ ലഹരിയിൽ അശ്രദ്ധമായി കാറോടിച്ച പ്രതി മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആരോപിക്കുന്നു.

അബ്ദുൽ അസീസിന്റെ ഒൻപതു വയസുകാരൻ സഹോദരൻ യൂസഫും ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. തലക്കേറ്റ പരിക്കിന്റെ ആഘാതത്തിൽ കോമയിലായിരുന്ന യൂസുഫ് ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്. കാലുകൾക്ക് ശസ്ത്രക്രിയ ആവശ്യമായി വന്ന 12 വയസ്സുകാരിയായ മൂത്തമകൾ അയയും അപകടനില തരണം ചെയ്ത് ആശുപത്രി വിട്ടു. അപകടത്തെ അതിജീവിച്ച് കുടുംബത്തിലെ അവശേഷിക്കുന്ന ഈ രണ്ടുമക്കളും അമ്മാവൻ ഹുസൈനും മുത്തശ്ശിക്കുമൊപ്പം സെഗയ്യയിലെ കുടുംബ വീട്ടിലാണ് കഴിയുന്നത്. കേസിന്റെ വാദം ജൂൺ 23ന് ഹൈ ക്രിമിനൽ കോടതിയിൽ നടക്കും.

Related Tags :
Similar Posts