< Back
Bahrain
ഗതാഗത നിയമലംഘനം; ബഹ്റൈനിൽ പ്രതിക്ക് രണ്ടര വര്‍ഷം തടവ്
Bahrain

ഗതാഗത നിയമലംഘനം; ബഹ്റൈനിൽ പ്രതിക്ക് രണ്ടര വര്‍ഷം തടവ്

Web Desk
|
28 Jun 2025 9:58 PM IST

പ്രതിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു

മനാമ: ബഹ്റൈനിൽ ഗതാഗത നിയമങ്ങൾ ലംഘിച്ച് വിപരീത ദിശയിലേക്ക് വാഹനം ഓടിച്ച് അപകടം വരുത്തിയ പ്രതിക്ക് രണ്ടര വര്‍ഷത്തെ തടവ് ശിക്ഷ. തടവുശിക്ഷയ്ക്ക് പുറമേ പ്രതിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു.

ജൂൺ പത്തിന് മനാമയിലെ കിങ് ഫൈസൽ ഹൈവേയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ഹൈവേയിൽ ട്രാക്കിന്റെ വിപരീത ദിശയിൽ വാഹനമോടിക്കുകയും അപകടം വരുത്തിവെക്കുകയുമായിരുന്നു പ്രതി. പ്രതിയുടെ അപകടകരമായ ഡ്രൈവിങ്ങിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കേസ് രണ്ടായി പരിഗണിച്ച കോടതി വിപരീത ദിശയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനും സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് വർഷം തടവു ശിക്ഷ വിധിച്ചു. ഇതിനുപുറമേ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ കൂടി തെളിവായി എടുത്ത കോടതി, സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിക്കൊണ്ടുള്ള അശ്രദ്ധമായ ഡ്രൈവിങ്ങിനും വാഹനമിടിച്ച് ഒരാളെ പരിക്കേൽപ്പിച്ചതിനും ആറ് മാസം കൂടി ശിക്ഷ വിധിക്കുകയായിരുന്നു.

പരിക്കേൽപ്പിക്കുക, സ്വത്തിന് കേടുപാടുകൾ വരുത്തുക, ഗതാഗതം തടസ്സപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. രണ്ടര വർഷത്തെ ശിക്ഷ കാലാവധിക്കുശേഷമുള്ള ഒരു വർഷം പ്രതിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും ഉത്തരവുണ്ട്. പ്രതിയുടെ അപകടകരമായി വാഹനമോടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ നടന്ന അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. അശ്രദ്ധമായ ഡ്രൈവിങ്ങിനും പൊതു സുര‍ക്ഷയെ ബാധിക്കുന്നതുമായ നിയമലംഘനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Similar Posts