< Back
Bahrain
US successfully launches one-way attack drone from warship
Bahrain

ചരിത്രത്തിലാദ്യം; യുദ്ധക്കപ്പലിൽ നിന്ന് വൺ വേ അറ്റാക്ക് ഡ്രോൺ വിജയകരമായി വിക്ഷേപിച്ച് യു.എസ്

Web Desk
|
23 Dec 2025 7:49 PM IST

ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കയുടെ അഞ്ചാം കപ്പൽപ്പടയാണ് നിർണായക നാഴികക്കല്ല് പിന്നിട്ടത്

മനാമ: ചരിത്രത്തിലാദ്യമായി യുദ്ധക്കപ്പലിൽ നിന്ന് വൺ വേ അറ്റാക്ക് ഡ്രോൺ വിജയകരമായി വിക്ഷേപിച്ച് യു.എസ്. ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കയുടെ അഞ്ചാം കപ്പൽപ്പടയാണ് പ്രതിരോധരംഗത്ത് നിർണായക നാഴികക്കല്ല് പിന്നിട്ടത്. ഗൾഫ് മേഖലയിലെ നാവികരംഗത്തെ മേൽക്കോയ്മ ഉറപ്പാക്കുന്നതിൽ ഈ നേട്ടം അമേരിക്കക്ക് കൂടുതൽ കരുത്തേകും. ചരിത്രത്തിലാദ്യമായാണ് ഒരു യുദ്ധക്കപ്പലിൽ നിന്ന് വൺ വേ അറ്റാക്ക് ഡ്രോൺ വിജയകരമായി വിക്ഷേപിക്കുന്നത്.

അഞ്ചാം കപ്പൽപ്പടയുടെ ഭാഗമായ യു.എസ്.എസ് സാന്താ ബാർബറ എന്ന യുദ്ധക്കപ്പലിൽ നിന്നാണ് 'ലൂക്കാസ്' എന്ന് പേരിട്ടിരിക്കുന്ന ഡ്രോൺ വിക്ഷേപിച്ചത്. എന്നാൽ, ഡ്രോൺ വിക്ഷേപണത്തിന്റെ ലക്ഷ്യം എന്താണെന്നത് സംബന്ധിച്ച വിവരങ്ങൾ യു.എസ് നാവികസേന ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും കുറഞ്ഞ ചിലവിൽ നിർമിക്കാവുന്നതും അതിശക്തമായ ആക്രമണം നടത്താൻ ശേഷിയുള്ളതുമായ ഡ്രോൺ സംവിധാനമാണിത്. സമുദ്ര സുരക്ഷ ഉറപ്പാക്കുക, ശത്രുക്കളുടെ നീക്കങ്ങളെ പ്രതിരോധിക്കുക, അത്യാധുനിക സാങ്കേതികവിദ്യ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്നിവയാണ് വൺ വേ അറ്റാക്ക് ഡ്രോണിന്റെ പ്രത്യേകതകൾ.

സാധാരണ നിലയിൽ കരയിൽ നിന്നും വാഹനങ്ങളിൽ നിന്നും വിക്ഷേപിക്കുന്ന ലൂക്കാസ് ഡ്രോണുകൾ ഇപ്പോൾ കപ്പലിൽനിന്നും വിക്ഷേപിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് യു.എസ്. ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഞ്ചാം കപ്പൽപ്പടയുടെ അധികാരപരിധി ഏകദേശം 2.5 ദശലക്ഷം ചതുരശ്ര മൈൽ ജലപ്പരപ്പാണ്. ഇതിൽ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് സമുദ്രപാതകളും ഉൾപ്പെടുന്നുണ്ട്. മേഖലയിലെ 21 രാജ്യങ്ങളുമായുള്ള സമുദ്രബന്ധം നിലനിർത്തുന്നതിനും രാജ്യാന്തര വ്യാപാരപാതകളിലെ മേൽക്കോയ്മ ഉറപ്പാക്കുന്നതിനും പുതിയ ഡ്രോൺ സാങ്കേതികവിദ്യ അമേരിക്കക്ക് കൂടുതൽ കരുത്ത് പകരുമെന്നാണ് വിലയിരുത്തൽ.

Similar Posts