< Back
Gulf
Ashraf Thamarasery

അഷ്റഫ് താമരശ്ശേരി

Gulf

ദൈവത്തിന്‍റെ അപാരമായ അനുഗ്രഹത്താൽ സർജറിക്ക് ശേഷം വീണ്ടും യു.എ.ഇയിലെത്തി; അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പ്

Web Desk
|
3 March 2023 12:27 PM IST

പത്ത് വര്‍ഷമായി താന്‍ നടുവേദന കൊണ്ട് ബുദ്ധിമുട്ടുകയായിരുന്നുവെന്ന് അഷ്റഫ് നേരത്തെ പറഞ്ഞിരുന്നു

അബൂദബി: നടുവേദന മാറാനുള്ള ശസ്ത്രക്രിയക്ക് ശേഷം വീണ്ടും യു.എ.ഇയില്‍ തിരികെ എത്തിയതായി സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി. സര്‍ജറി കഴിഞ്ഞതിന്‍റെ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും എല്ലാം ശരിയായി വരുന്നുണ്ടെന്നും പ്രവാസികളടക്കമുള്ള സുഹൃത്തുക്കള്‍ നല്‍കിയ സ്നേഹം മറക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പത്ത് വര്‍ഷമായി താന്‍ നടുവേദന കൊണ്ട് ബുദ്ധിമുട്ടുകയായിരുന്നുവെന്ന് അഷ്റഫ് നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ മാസം കോഴിക്കോട് മൈത്ര ആശുപത്രിയില്‍ വച്ചായിരുന്നു ശസ്ത്രക്രിയ.



അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പ്

ദൈവത്തിന്‍റെ അപാരമായ അനുഗ്രഹത്താൽ സർജറിക്ക് ശേഷം വീണ്ടും യു.എ.ഇയിൽ തിരികെ എത്തി. ഒരുപാട് പേരുടെ പ്രാർത്ഥനയുടെ ഫലമായാണ് വീണ്ടും പ്രവർത്തന മേഖലയിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞത്‌. സർജറി കഴിഞ്ഞതിന്‍റെ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അൽ ഹംദുലില്ലാഹ് എല്ലാം ശരിയായി വരുന്നുണ്ട്. സർജറി കഴിഞ്ഞ് ആശുപത്രിയിലും വീട്ടിലും എന്നെ കാണാൻ വന്ന പ്രവാസികളടക്കമുള്ള നിരവധി സുഹൃത്തുക്കൾ നൽകിയ സ്നേഹം ഒരിക്കലും മറക്കാൻ കഴിയാത്തതാണ്. എനിക്ക് ഒരു ബുദ്ധിമുട്ട് വന്നപ്പോൾ തങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടവനായി എന്നെ പരിഗണിച്ച് സ്നേഹിച്ച ഒരുപാട് മനുഷ്യരുടെ സമീപനം നൽകിയ കരുത്തായിരുന്നു ആശുപത്രിക്കിടക്കയിലെ എന്റെ ഊർജം.

ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ സംഭവിച്ച് പോകുന്ന ഉയര്‍ച്ച താഴ്ചകളിൽ എപ്പോഴും താങ്ങായി തണലായി നിന്നിട്ടുള്ളത് ഈ പ്രിയപ്പെട്ടവരാണ്. നിങ്ങളുടെ സ്‌നേഹത്തോടെയുള്ള ഒരു പുഞ്ചിരിയാകാം പല പ്രതിസന്ധികളിൽ നിന്നും കൈപിടിച്ച് ഉയർത്തുന്നത്. കരുത്തോടെ ഇനിയും സേവന മേഖലയിൽ നമുക്ക് പണിയെടുക്കാൻ പടച്ച തമ്പുരാൻ വിധികൂട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നിങ്ങളുടെ പ്രാർഥനകളിൽ ഈയുള്ളവനെയും ഓർക്കണേ.....



Similar Posts