< Back
Gulf
കോവിഡ്, ഇൽഫ്ലൂവൻസ വാക്സിനുകൾ ഇനി മുതൽ ഫാർമസികളിൽ; രണ്ടും ഒന്നിച്ച് സ്വീകരിക്കാം
Gulf

കോവിഡ്, ഇൽഫ്ലൂവൻസ വാക്സിനുകൾ ഇനി മുതൽ ഫാർമസികളിൽ; രണ്ടും ഒന്നിച്ച് സ്വീകരിക്കാം

Web Desk
|
26 Sept 2022 10:31 PM IST

ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം കൂടുതൽ പേരിലേക്ക് പ്രതിരോധ മരുന്നുകൾ എത്തിക്കാനാണ് ഫാർമസികൾ വഴി വാക്സിൻ വിതരണം ചെയ്യുന്നത്.

യുഎഇയിൽ കോവിഡ്, ഇൻഫ്ലുവൻസ വാക്സിനുകൾ ഇനി മുതൽ ഫാർമസി വഴി വിതരണം ചെയ്യും. വാക്സിനുകൾക്ക് ഇടയിൽ രണ്ടാഴ്ച ഇടവേള വേണമെന്ന നിബന്ധന ആരോഗ്യമന്ത്രാലയം ഒഴിവാക്കി. കോവിഡിന്റെയും ഇൻഫ്ലുവൻസയുടേയും പ്രതിരോധ മരുന്ന് ഇനി ഒന്നിച്ചു സ്വീകരിക്കാം.

ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ചുവേണം യു.എ.ഇയിലെ താമസക്കാർ ഫാർമസികളിൽ നിന്ന് കോവിഡ്, ഇൻഫ്ലൂവൻസ വാക്സിനുകൾ വാങ്ങി ഉപയോഗിക്കേണ്ടത്. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം കൂടുതൽ പേരിലേക്ക് പ്രതിരോധ മരുന്നുകൾ എത്തിക്കാനാണ് ഫാർമസികൾ വഴി വാക്സിൻ വിതരണം ചെയ്യുന്നത്. വാക്സിന് ഫാർമസികൾ പണം ഈടാക്കും.

അടുത്ത മാസത്തോടെ യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലെ ഫാർമസികളിലും കോവിഡ്, ഇൻഫ്ലൂവൻസ വാക്സിനുകൾ ലഭ്യമാക്കുമെന്ന് പൊതുജനാരോഗ്യ മേഖല അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അബ്ദുൽ റഹ്മാൻ അൽ റാന്ത് പറഞ്ഞു. കോവിഡിന്റെയും ഇൻഫ്ലൂവൻസയുടേയും വാക്സിനുകൾ എടുക്കാൻ ഒരു വാക്സിനെടുത്ത് രണ്ടാഴ്ച ഇടവേള വേണമെന്ന് നിർബന്ധമുണ്ടായിരുന്നു. ഇത് ഒഴിവാക്കി.

ഇനി മുതൽ രണ്ട് വാക്സിനും ഒന്നിച്ചു സ്വീകരിക്കാമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്സിൻ വിതരണം ചെയ്യുന്ന ഫാർമസികൾ കൃത്യമായ മാനദണ്ഡം പാലിച്ചിരിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.

Similar Posts