
സൗദി അറേബ്യയുടെ നേതൃത്വത്തിൽ സുഡാനിലിലെ ഇന്ത്യക്കാരടക്കമുള്ളവരുടെ ഒഴിപ്പിക്കൽ തുടരുന്നു
|ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് ആദ്യ കപ്പൽ ജിദ്ദ തുറമുഖത്തെത്തിയത്
ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്ന് സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഇന്ത്യക്കാരടക്കമുള്ളവരുടെ ഒഴിപ്പിക്കൽ തുടരുന്നു. ഇന്ത്യക്കാരടക്കമുള്ളവരേയും വഹിച്ചുള്ള സൗദി കപ്പലുകൾ വരും ദിനങ്ങളിലും തുടരും. ഇന്ത്യക്കാരെ ജിദ്ദയിൽ നിന്നും വിമാനമാർഗം നാട്ടിലെത്തിക്കും
ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് ആദ്യ കപ്പൽ ജിദ്ദ തുറമുഖത്തെത്തിയത്. 50 സൗദി പൗരന്മാരും മറ്റ് വിവിധ രാജ്യക്കാരുമാണ് കപ്പിലുണ്ടായിരുന്നത്. തുടർന്നും നിരവധി കപ്പലുകളെത്തി.
രക്ഷപ്പെട്ടെത്തിയവരിൽ ഇന്ത്യാക്കാരും ഉണ്ട്. ഇതുവരെ 91 സൗദി പൗരന്മാരെയും വിവിധ രാജ്യക്കാരായ ഏകദേശം 66 ആളുകളെയും സൗദിയിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സൗദിയെയും ഇന്ത്യയെയും കൂടാതെ കുവൈത്ത്, ഖത്തർ, യു.എ.ഇ, ഈജിപ്ത്, തുനീഷ്യ, പാകിസ്താൻ, ബൾഗേറിയ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, കാനഡ, ബുർക്കിന ഫാസോ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരെയും രക്ഷപ്പെടുത്തി ജിദ്ദയിലെത്തിച്ചു.
ജിദ്ദയിലെത്തിയ വിദേശ പൗരന്മാർക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും അതത് രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള യാത്രാസൗകര്യങ്ങളും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി അറേബ്യ.
ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടു പോകാൻ രണ്ട് വ്യോമസേനാ വിമാനങ്ങൾ ജിദ്ദയിലുണ്ട്. ഇവ നേരിട്ട് ജിദ്ദക്കും സുഡാനുമിടയിൽ സർവീസ് നടത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സാഹചര്യം പ്രതികൂലമാവുകയായിരുന്നു. ഇന്ത്യക്കാർക്ക് ജിദ്ദയിൽ കോൺസുലേറ്റിന് കീഴിൽ താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്.