< Back
Gulf
Job opportunities, Neom, Saudi Arabia, Opportunity,
Gulf

സൗദിയിലെ നിയോമിൽ തൊഴിലവസരം; 3500ഓളം പേർക്ക് അവസരം

Web Desk
|
1 March 2023 12:58 AM IST

ടൂറിസം, ഹോസ്പിറ്റാലിറ്റി, വിനോദ മേഖലകളില്‍ മൂവായിരത്തി അഞ്ഞൂറോളം തൊഴിലവസരങ്ങളാണുള്ളത്

നിയോം: സൗദി അറേബ്യയുടെ സ്വപ്‌ന നഗരമായ നിയോമിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുന്ന സിന്ദല ആഡംബര ദ്വീപിലെ തൊഴിലവസരങ്ങളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചത്. ടൂറിസം, ഹോസ്പിറ്റാലിറ്റി, വിനോദ മേഖലകളില്‍ മൂവായിരത്തി അഞ്ഞൂറോളം തൊഴിലവസരങ്ങളാണുള്ളത്.

സൗദിയിലെ സ്വപ്ന നഗരമായ നിയോം സിറ്റിയുടെ ഭാഗമായി വികസിപ്പിക്കുന്ന ദ്വീപുകളുടെ കൂട്ടമാണ് സിന്ദല. സൗദിയിലെ ഏറ്റവും മനോഹരമായ ടൂറിസം കേന്ദ്രമായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സിന്ദല ഏകദേശം 8,40,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് വ്യാപിച്ച് കിടക്കുന്നത്. ഈ ദ്വീപുകളില്‍ ടൂറിസം, ഹോസ്പിറ്റാലിറ്റി, വിനോദ മേഖലകളില്‍ ഏകദേശം 3,500 തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ദ്വീപിലെ ആദ്യത്തെ ഹോട്ടല്‍ ബ്രാന്‍ഡുകളായ ലക്ഷ്വറി കളക്ഷന്‍ റെഡ് സീ സിന്ദല, ഓട്ടോഗ്രാഫ് കളക്ഷന്‍ റെഡ് സീ സിന്ദല, ദ ലക്ഷ്വറി കളക്ഷന്‍ റെസിഡന്‍സസ് റെഡ് സീ സിന്ദല എന്നിവയെല്ലാം തൊഴിലാളികളെ നിയമിക്കുന്നുണ്ട്. മാരിയറ്റ് ഇന്റര്‍നാഷണലാണ് ഈ ഹോട്ടലുകള്‍ മാനേജ് ചെയ്യുന്നത്. ചെങ്കടലിലേക്കുള്ള ഒരു പ്രധാന കവാടമായാണ് സിന്ദല ആഡംബര ദ്വീപ് പ്രവർത്തിക്കുക. ചെങ്കടല്‍ തീരത്തും കടലിലുമായി നിര്‍മിക്കപ്പെടുന്ന ഹൈടെക് നഗരമായ നിയോം സിറ്റിയിലെ ടൂറിസം വിസ്മയമാണ് സിന്ദല ദ്വീപ്. നിയോം, സിന്ദല, അമാല തുടങ്ങിയവയുടെ വൈബ് സൈറ്റ് വഴിയോ സോഷ്യൽ മീഡിയഹാൻഡിലുകൾ വഴിയോ, മാരിയറ്റ് കമ്പനിയുടെ കരിയേഴ്‌സ് പേജില്‍ നിന്നോ തൊഴിലവസരങ്ങളെ കുറിച്ച് വിശദമായി മനസ്സിലാക്കാം.

Similar Posts