< Back
Gulf
സൈന്യത്തിൽ വനിതകൾക്കും അവസരം നൽകാനൊരുങ്ങി കുവൈത്ത്
Gulf

സൈന്യത്തിൽ വനിതകൾക്കും അവസരം നൽകാനൊരുങ്ങി കുവൈത്ത്

Web Desk
|
16 Dec 2021 8:40 PM IST

സൈനിക സേവനത്തിന് താൽപര്യമുള്ള സ്വദേശി വനിതകൾക്ക് ഞായറാഴ്ച മുതൽ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാമെന്നു മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

കുവൈത്തിൽ രാജ്യരക്ഷസേനയുടെ ഭാഗമാകാൻ വനിതകൾക്കും അവസരം. 18നും 26നും ഇടയിൽ പ്രായമുള്ള വനിതകളിൽ നിന്ന് ഞായറഴ്ച മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങും. തുടക്കത്തിൽ 200 കുവൈത്തി വനിതകൾക്കാണ് കുവൈത്ത് ആർമിയിൽ അവസരം നൽകുക.

സൈനിക സേവനത്തിന് താൽപര്യമുള്ള സ്വദേശി വനിതകൾക്ക് ഞായറാഴ്ച മുതൽ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാമെന്നു മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ബിരുദം, ഡിപ്ലോമ, സെക്കൻഡറി വിദ്യാഭ്യാസ യോഗ്യതയുള്ളവരെയാണ് വിവിധ തസ്തികകളിൽ നിയമനം നൽകുക. അപേക്ഷകർ 18നും 26നും ഇടയിൽ പ്രായമുള്ള ശാരീരികക്ഷമതയുള്ളവരും കുറ്റകൃത്യ പശ്ചാത്തലമില്ലാത്തവരുമായിരിക്കണം. കായികക്ഷമത പരീക്ഷ വ്യക്തിഗത ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. ആദ്യഘട്ടത്തിൽ 200 കുവൈത്തി വനിതകളെയാണ് റിക്രൂട്ട് ചെയ്യുന്നത്. പരിശീലനത്തിന് ശേഷം 150 പേരെ അമീരി ഗാർഡിലും 50 പേരെ സായുധ സേനയിലെ മെഡിക്കൽ സർവീസ് സെക്ടറിലും വിന്യസിക്കും. ജനുവരി രണ്ട് ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതിയതി. കുവൈത്തിൽ പൊലീസ് വകുപ്പിൽ വനിതകൾക്കായി പ്രത്യേക വിഭാഗം തന്നെയുണ്ടെങ്കിലും സായുധ മിലിട്ടറി സർവീസിലേക്ക് സ്ത്രീകളെ പരിഗണിക്കുന്നത് ആദ്യമായാണ്.

Related Tags :
Similar Posts