< Back
Kuwait
10 expatriate workers found dead in separate incidents in Ahmadi Governorate, report says
Kuwait

കുവൈത്തിൽ വ്യാജ മദ്യം കഴിച്ചു മരിച്ചവരിൽ അഞ്ച് മലയാളികളും ഉൾപ്പെട്ടതായി സംശയം

Web Desk
|
13 Aug 2025 8:59 PM IST

13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ മെഥനോൾ കലർന്ന പാനീയങ്ങൾ കഴിച്ചതിനെത്തുടർന്ന് 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. മരിച്ചവരിൽ അഞ്ച് മലയാളികളും ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഉത്തർപ്രദേശ് സ്വദേശികളും ഉൾപ്പെട്ടതായി സംശയമുണ്ട്. ഇത്തരത്തിൽ 63 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇരകളെല്ലാം ഏഷ്യൻ പൗരന്മാരാണ്. നിരവധി പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 31 കേസുകളിൽ സിപിആർ (CPR) ചികിത്സ നൽകി. 51 പേർ അടിയന്തര ഡയാലിസിസിന് വിധേയരായി. 21 പേർക്ക് സ്ഥിരമായോ താൽക്കാലികമായോ കാഴ്ച നഷ്ടപ്പെട്ടു. പ്രാദേശിക ആശുപത്രികളും സുരക്ഷാ വകുപ്പുകളും തമ്മിൽ ഏകോപനം തുടരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു മരിച്ചവരുടെ വ്യക്തിഗത വിവരങ്ങളും രാജ്യ വിവരങ്ങളും അധികൃതർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

അഹമ്മദി ഗവർണറേറ്റിൽ വ്യത്യസ്ത സംഭവങ്ങളിലായി 10 പ്രവാസി തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തിയതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് 'അൽ ജരീദ'യും 'അറബ് ടൈംസ്'യും റിപ്പോർട്ട് ചെയ്തിരുന്നു. പ്രാദേശികമായി നിർമിച്ച വിഷമദ്യം ഉപയോഗിച്ചതാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ചതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച ഫർവാനിയ, അദാൻ ആശുപത്രികളിൽ നിരവധി പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ പലരുടെയും നില ഗുരുതരമായിരുന്നു. ചിലരുടെ കാഴ്ച നഷ്ടപ്പെട്ടു. ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസങ്ങളിലായി ഇവരിൽ ചിലർ മരിച്ചതായാണ് സൂചന. കോഴിക്കോട് സ്വദേശിയും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മരിച്ചവരുടെ വ്യക്തിഗത വിവരങ്ങളും രാജ്യ വിവരങ്ങളും അധികൃതർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ലഹരിവസ്തുക്കളുടെ ഉറവിടം കണ്ടെത്തുന്നതിനും സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടോ എന്ന് തിരിച്ചറിയാനുമായി അന്വേഷണം തുടരുകയാണ്. മരണങ്ങൾ വ്യത്യസ്ത ദിവസങ്ങളിലായാണ് സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Similar Posts