< Back
Kuwait
ഇന്ത്യ-കുവൈത്ത് സൗഹൃദത്തിന് 250 വര്‍ഷം: ‘റിഹ്‌ല–ഇ–ദോസ്തി’ പ്രദര്‍ശനം ആരംഭിച്ചു
Kuwait

ഇന്ത്യ-കുവൈത്ത് സൗഹൃദത്തിന് 250 വര്‍ഷം: ‘റിഹ്‌ല–ഇ–ദോസ്തി’ പ്രദര്‍ശനം ആരംഭിച്ചു

Web Desk
|
20 May 2025 9:01 PM IST

കുവൈത്ത് നാഷണൽ ലൈബ്രറിയിൽ നാല് ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം മെയ് 24 ന് അവസാനിക്കും

കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിന്റെ 250ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 'റിഹ്‌ല–ഇ–ദോസ്തി' പ്രദർശനം കുവൈത്ത് നാഷണൽ ലൈബ്രറിയിൽ ആരംഭിച്ചു. നാഷണൽ കൗൺസിൽ ഫോർ കൾച്ചർ ആർട്സ് & ലിറ്ററേച്ചർ, കുവൈത്ത് ഹെറിറ്റേജ് സൊസൈറ്റി, ഇന്ത്യൻ എംബസി എന്നിവയുടെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചത്.

എൻ.സി.സി.എൽ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ-ജസ്സാർ, കുവൈത്ത് ഹെറിറ്റേജ് സൊസൈറ്റി പ്രസിഡന്റ് ഫഹദ് അബ്ദുൽ ജലീൽ, ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക് എന്നിവർ ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തു. 1775ൽ കുവൈത്ത് കപ്പൽ ഇന്ത്യയിലെത്തിയതോടെയാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം ആരംഭിച്ചതെന്ന് അൽ-ജസ്സാർ പറഞ്ഞു. ഇതോടെ വ്യാപാരത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും പുതിയ വഴികൾ തുറന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്ത്–ഇന്ത്യ ബന്ധം ആഴമേറിയതും ശക്തവുമാണെന്ന് അംബാസഡർ ഡോ. ആദർശ് സ്വൈക് പറഞ്ഞു. അപൂർവമായ പുരാവസ്തുക്കൾ, കൈയെഴുത്തുപ്രതികൾ, ഇന്ത്യൻ കറൻസി, പുസ്തകങ്ങൾ, സ്റ്റാമ്പുകൾ, വിവിധ ഇന്ത്യൻ - കുവൈത്ത് നേതാക്കളുടെ ഫോട്ടോകൾ തുടങ്ങിയവ മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ഇന്ത്യൻ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തപരിപാടികൾ ശ്രദ്ധേയമായി. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും വൈകിട്ട് 4 മുതൽ രാത്രി 9 വരെയും സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.

Related Tags :
Similar Posts