< Back
Kuwait
kuwait,
Kuwait

കുവൈത്തിലെ പ്രവാസി തൊഴിലാളികളിൽ 32 ശതമാനവും ഗാർഹിക തൊഴിലാളികളെന്ന് റിപ്പോർട്ട്

Web Desk
|
5 March 2023 9:31 PM IST

വീട്ടുജോലിക്കാരില്‍ ഭൂരിപക്ഷവും ഇന്ത്യക്കാർ

കുവൈത്ത് സിറ്റി: രാജ്യത്തെ വിദേശ തൊഴിലാളികളില്‍ 32 ശതമാനവും ഗാർഹിക തൊഴിലാളികളാണെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് ആകെയുള്ള ഇരുപത്തിയൊന്ന് ലക്ഷത്തി എഴുപതിനായിരം വിദേശ തൊഴിലാളികളില്‍ ഏഴ് ലക്ഷത്തോളമാണ് ഗാർഹിക തൊഴിലാളികളുടെ എണ്ണം. സര്‍ക്കാര്‍ - പൊതുമേഖല സ്ഥാപനങ്ങളില്‍ 114,000 പ്രവാസികളാണ് ജോലി ചെയ്യുന്നത്.

പ്രവാസി തൊഴിലാളികളില്‍ ഇന്ത്യക്കാരാണ് കൂടുതല്‍. തൊട്ടുപിറകില്‍ ഈജിപ്ത് പൗരന്മാരാണ്. സര്‍ക്കാര്‍ മേഖലയില്‍ സ്വദേശി വല്‍ക്കരണം സാധ്യമാക്കുന്നതിന്‍റെ ഭാഗമായി നിരവധി നടപടികളാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ച് വരുന്നത്. വിദേശികളുടെ തൊഴില്‍ കരാറുകള്‍ക്ക് സിവില്‍ സര്‍വീസ് കമ്മീഷന്‍റെ അനുമതിക്ക് ശേഷമെല്ലാതെ അംഗീകാരം നല്‍കുകയില്ലെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോഗ്യമേഖലയില്‍ 24,355 വിദേശികളാണ് തൊഴില്‍ ചെയ്യുന്നത്.

റിയൽ എസ്റ്റേറ്റ് മേഖലയില്‍ 137,641 പ്രവാസികളും നിർമ്മാണ മേഖലയില്‍ 298,295 വിദേശികളും റെസ്റ്റോറന്റ് ഹോട്ടല്‍ മേഖലയില്‍ 108,469 പ്രവാസി തൊഴിലാളികളും ജോലി ചെയ്യുന്നതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്‍റെ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി. തൊഴിൽരഹിതരായ പ്രവാസികളുടെ എണ്ണം 3,367 ആണെന്നും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

Related Tags :
Similar Posts