< Back
Kuwait
Six liquor factories in Kuwait, 52 people including Indians and Nepalis arrested
Kuwait

ആറ് മദ്യ ഫാക്ടറികൾ: കുവൈത്തിൽ ഇന്ത്യക്കാരും നേപ്പാളികളും ഉൾപ്പെടെ 52 പേർ അറസ്റ്റിൽ

Web Desk
|
25 July 2025 11:51 AM IST

രാജ്യ തലസ്ഥാനത്തെ റെസിഡൻഷ്യൽ ഏരിയകളിലാണ് നടപടി

കുവൈത്ത് സിറ്റി: കുവൈത്തിൽ മദ്യക്കച്ചവടം നടത്തിയതിനെ തുടർന്ന് ഇന്ത്യക്കാരും നേപ്പാളികളും ഉൾപ്പെടെ 52 പേർ അറസ്റ്റിൽ. തലസ്ഥാനത്തെ ആറ് റെസിഡൻഷ്യൽ ഏരിയകളിലെ അനധികൃത മദ്യ ഫാക്ടറികൾ നടത്തിയ സംഘത്തെയാണ് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പിടികൂടിയത്.

പ്രാദേശികമായുള്ള മദ്യത്തിന്റെ ഉത്പാദനം, പാക്കേജിംഗ്, വിതരണം എന്നിവയിൽ ഏർപ്പെട്ടതായി ആരോപിക്കപ്പെടുന്ന പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ജൂലൈ 23 ബുധനാഴ്ചയാണ് ഓപ്പറേഷൻ നടന്നത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ എഞ്ചിനീയർ മനൽ അൽസ്ഫൂർ, ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്സിന്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമീദ് അൽദവാസ്, വിവിധ ഗവൺമെൻറ് സ്ഥാപനങ്ങളിലെ നിരവധി മുതിർന്ന വ്യക്തികൾ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

മിഷ്രിഫ്, ജാബിർ അൽഅലി, അൽനഹ്ദ, ഫൈഹ, സാദ് അൽഅബ്ദുല്ല, അൽഖുസൂർ എന്നിവിടങ്ങളിലെ വാടക വീടുകൾ പ്രതികൾ അനധികൃത മദ്യ ഫാക്ടറികളാക്കി മാറ്റുകയായിരുന്നുവെന്ന് അധികൃതർ വെളിപ്പെടുത്തി. സംശയം തോന്നാതിരിക്കാൻ ശാന്തമായ റെസിഡൻഷ്യൽ സോണുകൾ മനഃപൂർവ്വം തിരഞ്ഞെടുക്കുകയായിരുന്നു. വീടുകളിൽ അസംസ്‌കൃത ചേരുവകളുടെ ബാരലുകൾ, വാറ്റിയെടുക്കൽ ഉപകരണങ്ങൾ, മദ്യം നിറച്ച ആയിരക്കണക്കിന് കുപ്പികൾ എന്നിവ സൂക്ഷിക്കുകയും ചെയ്തു. വ്യാവസായിക അടിസ്ഥാനത്തിൽ മദ്യം നിർമിച്ചു.

ആവശ്യമായ വാറണ്ടുകൾ ലഭിച്ചതോടെ അന്വേഷണ സംഘങ്ങൾ, ലക്ഷ്യമിട്ട വീടുകളിൽ പുലർച്ചെ ഒരേസമയം റെയ്ഡുകൾ നടത്തുകയായിരുന്നു. തുടർന്ന് വൻതോതിലുള്ള മദ്യനിർമാണ രാസവസ്തുക്കൾ, മദ്യം നിറച്ച് വിൽപ്പനയ്ക്ക് തയ്യാറാക്കിയ ആയിരക്കണക്കിന് പ്ലാസ്റ്റിക് കുപ്പികൾ, വസ്തുക്കൾ വിതരണം ചെയ്യാനും മദ്യം വിതരണം ചെയ്യാനും തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും പോലുള്ള അടിസ്ഥാന കാര്യങ്ങൾ എത്തിക്കാനും ഉപയോഗിക്കുന്ന എട്ട് വാഹനങ്ങൾ എന്നിവ പിടികൂടി. വലിയ അളവിൽ പണവും പണം എണ്ണുന്ന യന്ത്രവുമായി രണ്ട് പ്രതികളും അറസ്റ്റ് ചെയ്യപ്പെട്ടു.

രാജ്യത്തിന് പുറത്തുള്ള അജ്ഞാതരുമായി ഫോണിലൂടെ പ്രവർത്തനങ്ങൾ നയിക്കുകയും ഏകോപിപ്പിക്കുകയും ചെയ്തതായി സൂക്ഷ്മ നിരീക്ഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന്, ശൃംഖലയുടെ കിംഗ്പിൻ എന്ന് ആരോപിക്കപ്പെടുന്നയാളെയും കസ്റ്റഡിയിലെടുത്തു.

ആകെ 30 പുരുഷന്മാരും 22 സ്ത്രീകളുമാണ് അറസ്റ്റിലായത്. ഇവരെല്ലാം ഇപ്പോൾ കുവൈത്തിൽ കർശനമായി നിരോധിച്ചിരിക്കുന്ന മദ്യത്തിന്റെ നിർമാണവും വിതരണവുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് നേരിടുന്നത്.

Similar Posts