< Back
Kuwait
കുവൈത്ത് കടൽത്തീരത്തുനിന്ന് കക്ക പെറുക്കിയാൽ 250 ദീനാർ പിഴ
Kuwait

കുവൈത്ത് കടൽത്തീരത്തുനിന്ന് കക്ക പെറുക്കിയാൽ 250 ദീനാർ പിഴ

Web Desk
|
28 Oct 2021 9:22 PM IST

അൻജഫ, അൽ ബിദ്ദ, ഫിൻതാസ് തുടങ്ങിയ തീരങ്ങളിൽ നിന്ന് കക്കയിനത്തിൽപ്പെട്ട ജീവികളെ കൂട്ടത്തോടെ പിടിച്ച് റസ്റ്റാറൻറുകളിൽ വിൽപന നടത്തുന്ന സംഘം സജീവമാണ്

കുവൈത്ത് കടൽത്തീരത്തുനിന്ന് കക്ക പെറുക്കിയാൽ 250 ദീനാർ പിഴ നൽകേണ്ടി വരും. കുവൈത്തിലെ ചില തീരപ്രദേശങ്ങളിൽ വിദേശികൾ കക്ക ശേഖരിക്കുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് പരിസ്ഥിതിപ്രവർത്തകർ മുന്നറിയിപ്പ് നൽകിയത്. അൻജഫ, അൽ ബിദ്ദ, ഫിൻതാസ്, അൽ ജോൻ, ഇഷ്രിഫ് തുടങ്ങിയ തീരങ്ങളിൽ നിന്ന് കക്കയിനത്തിൽ പെട്ട ജീവികളെ കൂട്ടത്തോടെ പിടിച്ച് റസ്റ്റാറൻറുകളിൽ വിൽപന നടത്തുന്ന സംഘം സജീവമാണ്. വൈകുന്നേരങ്ങളിലാണ് ഇവരുടെ പ്രവർത്തനം. പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം കുറ്റകരമായ കാര്യമാണ് ഇവർ ചെയ്യുന്നതെന്ന് പബ്ലിക് റിലേഷൻ ആൻഡ് എൻവയോൺമെൻറൽ മീഡിയ ഡയറക്ടർ ശൈഖ അൽ ഇബ്‌റാഹിം പറഞ്ഞു. അംഗീകൃത മത്സ്യബന്ധനം ഒഴികെ കടൽ ജീവികളെ പിടിക്കുന്നതും കൊല്ലുന്നതും ശേഖരിക്കുന്നതും കുറ്റകൃത്യമാണെന്നും 250 ദീനാർ പിഴ ചുമത്താൻ നിയമവ്യവസ്ഥയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഭക്ഷണത്തിനും വാണിജ്യാവശ്യത്തിനും വൻതോതിൽ കക്ക ശേഖരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പരിസ്ഥിതി പ്രവർത്തകൻ ഡോ. ഫാനിസ് അൽ അജ്മി പറഞ്ഞു. കുവൈത്ത് തീരത്ത് കക്ക സാന്നിധ്യം കുറഞ്ഞുവരികയാണെന്ന് പരിസ്ഥിതി വിദഗ്ധൻ ഡോ. മുഹമ്മദ് അൽ സായിഗ് പറഞ്ഞു. ലോകത്ത് 50000ത്തിലേറെ ഒച്ച് ഇനങ്ങളുണ്ട്. ഇതിൽ കുറേ കുവൈത്തിന്റെ സമുദ്ര പരിധിയിലും ഉണ്ട്. ഇവയെ ഭക്ഷണത്തിനായോ വിനോദത്തിനായോ പിടിച്ചുകൂട്ടുന്നവർക്ക് പരിസ്ഥിതി സന്തുലനത്തിൽ ഇവയുടെ പങ്കിനെ കുറിച്ച് അറിയില്ലെന്നും പരിസ്ഥിതിപ്രവർത്തകർ ചൂണ്ടിക്കാട്ടി.

Similar Posts